കുറവിലങ്ങാട്: ഇലക്ട്രിക് സാധനങ്ങളുടെ വിതരണത്തിന് എറണാകുളത്തു നിന്ന് കുറവിലങ്ങാട് എത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ കനത്ത ജാഗ്രത. കൊവിഡ് ബാധിതരെത്തിയ കുറവിലങ്ങാട്ടെ രണ്ട് ഇലക്ട്രിക് കടകൾ എറണാകുളം ജില്ലാ കൊവിഡ് കൺട്രോൾ സെല്ലിന്റെ നിർദേശ പ്രകാരം അടച്ചു. പൊലീസും ആരോഗ്യ വകുപ്പും നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കടകളിലെ ജീവനക്കാർ നിരീക്ഷണത്തിലായി.

കുറവിലങ്ങാട് സെൻട്രൽ ജഗ്ഷനിലെ ഒരു കടയും പാറ്റാനി ജഗ്ഷനിലെ മറ്റൊരു കടയുമാണ് അടപ്പിച്ചത്. വയലായിലെ ഒരു കടയും അടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24നാണ് എറണാകുളത്തുനിന്നുള്ള ഡ്രൈവറും ഇയാളുടെ സഹായിയും കുറവിലങ്ങാട്ടും വയലായിലുമുള്ള കടകളിൽ സാധനങ്ങൾ എത്തിച്ചത്. ഇവർക്ക് കഴിഞ്ഞദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.