കോട്ടയം: കേരള കോൺഗ്രസ്-ജോസ് വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തിൽ സി.പി.ഐയുടെ എതിർപ്പ് വിലപ്പോവില്ല. തത്വത്തിൽ ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ മുഖ്യകക്ഷിയായ സി.പി.എം തീരുമാനിച്ചു കഴിഞ്ഞതായാണ് സൂചന. ജോസുമായി സി.പി.എമ്മിലെ ചില നേതാക്കൾ പലവട്ടം ചർച്ച നടത്തിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഔദ്യോഗിക പ്രവേശനം ഉണ്ടാവുമെന്നാണ് അറിയുന്നത്.
കെ.എം മാണി ഹൃദയത്തോട് ചേർത്തുവച്ച പാലാ മണ്ഡലം ജോസിന് നൽകാൻ എൽ.ഡി.എഫ് നിർബന്ധിതമാവും. ഇതിനെതിരെ എൻ.സി.പി രംഗത്ത് എത്തിക്കഴിഞ്ഞു. പാലാ ഒരുകാരണവശാലും ആർക്കും വിട്ടുകൊടുക്കില്ലെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രി സമ്മതം അറിയിച്ചിട്ടുള്ളതായും മാണി സി.കാപ്പൻ എം.എൽ.എ പറയുന്നു.
അണിയറയിൽ ജോസുമായി സി.പി.എം ചർച്ചകൾ തുടരുകയാണ്. പത്ത് നിയമസഭാ മണ്ഡലങ്ങൾ നൽകാമെന്ന് സി.പി.എം ജോസിന് വാഗ്ദ്ധാനം നൽകിയിട്ടുണ്ടത്രേ. ഇതിൽ ജോസ് സംതൃപ്തനാണെന്നാണ് ജോസ് വിഭാഗത്തിലെ ഒരു പ്രബലൻ വ്യക്തമാക്കിയത്. അതിനിടെ ജോസിനെ പാളയത്തിൽതന്നെ നിലനിറുത്താൻ യു.ഡി.എഫ് കരുനീക്കം നടത്തുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഒരു ദൂതൻ മുഖേന ജോസുമായി ബന്ധപ്പെട്ടതായും അറിവായിട്ടുണ്ട്. യു.ഡി.എഫിൽ നിന്നും ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് നേതാക്കൾക്ക് തിരുത്തി പറയേണ്ടിവന്നത് എ.ഐ.സി.സിയുടെ സമ്മർദ്ദത്തെ തുടർന്നാണത്രേ.
ജോസ് ഇടതുമുന്നണിയിലെത്തിയാൽ അണികൾ കൂടുതലായി ചോരുമെന്ന് ജോസ് വിഭാഗത്തിന് ഭയപ്പാടുണ്ട്. ഇത് മുതലാക്കാൻ പി.ജെ ജോസഫ് വല വീശിക്കഴിഞ്ഞു. ഇതിനോടകം ജോസിന്റെ ഇഷ്ടക്കാരിൽ പലരും പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാർ കോഴ ഉൾപ്പെടെ ആരോപണം ഉന്നയിച്ച് മാണിയെ അപമാനിച്ച സി.പി.എമ്മിനോട് മമത കൂടുന്നതിൽ മാണിയെ നെഞ്ചോടുചേർത്തുവയ്ക്കുന്ന സാധാരണ പ്രവർത്തകർക്ക് സഹിക്കാനാവുന്നതല്ല. അന്ന് മാണിയെ സഹായിച്ചത് യു.ഡി.എഫ് ആണ്. ജോസിനൊപ്പം നിൽക്കുന്ന പല എം.എൽ.എ മാർക്കും നേതാക്കൾക്കും ഇടതുമുന്നണിയിലെത്തുന്നതിനോട് താത്പര്യം ഇല്ലത്രേ.