തലയോലപ്പറമ്പ് :പൊട്ടിച്ചെടുത്ത മാല സ്വർണമാലയല്ലെന്ന് അറിഞ്ഞതോടെ വൃദ്ധയെ അടിച്ചിട്ടശേഷം മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെ തലയോലപ്പറമ്പ് ചന്തപ്പാലം – താഴപ്പള്ളി റോഡിലാണ് സംഭവം. മിടായിക്കുന്നം കുഴിപ്പുറം വീട്ടിൽ ചെല്ലമ്മ (68) ന്റെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. സംഭവത്തിൽ ചെല്ലമ്മയുടെ കഴുത്തിന് സാരമായി പരിക്കേറ്റു. തലയോലപ്പറമ്പ് മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നതിനിടെയാണ് സംഭവം. തിരക്കൊഴിഞ്ഞ റോഡിൽ പിന്നിലൂടെ വന്ന യുവാവ് ചെല്ലമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സ്വർണമാലയല്ലെന്ന് തിരച്ചറിഞ്ഞതോടെ കൈയിൽ കിട്ടിയ മാല വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് ചെല്ലമ്മയെ അടിച്ച് നിലത്തിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ചെല്ലമ്മയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഈ ഭാഗത്ത് നാളുകളായി മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെട്ടിക്കാട്ട് മുക്ക്, വടകര, പൊതി, ഇറുമ്പയം ഭാഗങ്ങളിൽ നാളുകളായി ഇത്തരത്തിൽ മാല പൊട്ടിക്കൽ ശ്രമം നടന്നിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.