കോട്ടയം : മീൻ പിടിക്കാൻ നാട്ടകം പള്ളം എട്ടുപടിയിലെ പാടശേഖരത്ത് സ്ഥാപിച്ച കൂടിൽ കുടുങ്ങിയത് പെരുമ്പാമ്പ്. 30 കിലോയിലധികം തൂക്കമുള്ള പെരുമ്പാമ്പിനെ വനംവകുപ്പ് ഏറ്റെടുത്തു. തരിശിട്ട് കിടക്കുന്ന പാടശേഖരത്തിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. തുടർന്നാണ് നാട്ടുകാർ മീൻ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചത്. കൂടയ്‌ക്കുള്ളിൽ കുടുങ്ങിക്കിടന്ന മീനിനെ തിന്നുന്നതിനായാണ് പാമ്പ് ഉള്ളിൽ കയറിയതെന്ന് സംശയിക്കുന്നു. നാട്ടുകാർ വിവരം നഗരസഭയെയും, വനംവകുപ്പിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ പിടികൂടി പാറമ്പുഴ വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. രാത്രി വൈകി ളാഹ വന മേഖലയിൽ തുറന്നു വിടും.