കോട്ടയം : സംസ്ഥാനത്ത് പുരപ്പുറം സോളാർ വൈദ്യുതി പദ്ധതി 'സൗരയുടെ' നടത്തിപ്പ് ടാറ്റ ഗ്രൂപ്പിന് നൽകിയതിലൂടെ 1000 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
കെ.എസ്.ഇ.ബിയെ ഉപയോഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നിൽ മുഖ്യമന്ത്രി,വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരാണ്. മറ്റു കമ്പനികളെ ടെൻഡറിൽ നിന്ന് ഒഴിവാക്കാൻ വ്യവസ്ഥകൾ കടുപ്പിച്ചു..ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിലേക്കാൾ 18,000 രൂപ വരെ അധികം നൽകണം. ഉപഭോക്താവ് കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോഴും ഇതാണ് വ്യവസ്ഥ. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 90 കോടിയിലേറെ അധികം വേണം..
സൗര പദ്ധതിയിൽ 25 വർഷത്തേക്കാണ് ഉപഭോക്താവും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറെങ്കിൽ ,ടാറ്റയുമായി കെ.എസ്.ഇ.ബി 2 വർഷത്തേക്കാണ് കരാറുണ്ടാക്കിയത്. എ.ഡി.ബി വായ്പയെടുത്താണ് ടാറ്റയ്ക്ക് പണം നൽകിയത്. രണ്ട് വർഷത്തിന് ശേഷം അറ്റകുറ്റപ്പണികൾ ആര് നടത്തുമെന്നും ഇൻഷ്വറൻസ് തുക ആരടയ്ക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കണം. ചെറുകിട കമ്പനികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകൾ ചേർത്ത് ടാറ്റക്ക് മുഴുവൻ കരാറും നൽകാൻ മുഖ്യമന്ത്രി നേരിട്ടിടപെട്ടു. 40 ശതമാനം വരെ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ച സൗര 2 പദ്ധതിയും കേരളത്തിൽ അട്ടിമറിച്ചതായി സുരേന്ദ്രൻ ആരോപിച്ചു.