plusone

കോട്ടയം : എസ്.എസ്.എസ്.എൽസിക്ക് മികച്ച വിജയ ശതമാനം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലങ്ങൾ ഈ മാസമെത്തും. എത്ര വിദ്യാർത്ഥികൾ വിജയിച്ചാലും പ്ളസ് വണ്ണിന് അഡ്മിഷൻ ഉറപ്പെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിൽ 133 സ്‌കൂളുകളിലായി 2200 പ്ലസ് വൺ സീറ്റുകളാണുള്ളത്. 19,588 വിദ്യാർത്ഥികളാണ് പത്താംക്ളാസിൽ ജയിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പരീക്ഷ എഴുതിയവരും ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ചാലും സീറ്റ് വർദ്ധനവ് നടപ്പാക്കേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അദ്ധ്യാപകർ പറയുന്നത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂവായിരത്തോളം സീറ്റുകളുണ്ട്. പോളിടെക്നിക്,​ മറ്റ് പ്രൊഫഷണൽ കോഴ്സുകൾ എന്നിവയ്ക്കും സീറ്റൊഴിവുണ്ട്.

നിലവിൽ യാത്രാസൗകര്യവും വിജയശതമാനവും കുറവുള്ള സ്‌കൂളുകളിൽ കഴിഞ്ഞ തവണയും സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. പ്രവേശന നടപടികൾ പൂർത്തിയാവുമ്പോൾ സയൻസ് ബാച്ചുകളിൽ ഉൾപ്പടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതാണ് പതിവ്. പ്രധാന കേന്ദ്രങ്ങളിലെ സർക്കാർ സ്‌കൂളുകളിലും, ചില എയ്ഡഡ് സ്‌കൂളുകളിലും ആദ്യ അലോട്ട്‌മെന്റിൽ തന്നെ എല്ലാ സീറ്റുകളും നിറയും. പ്രവേശനം ഏകജാലകം വഴിയായതിനാൽ പലർക്കും ആഗ്രഹിച്ച സ്‌കൂളിൽ തന്നെ പ്രവേശനം ലഭിക്കാറില്ല. കൂടാതെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഐ.ടി.ഐ, പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ എന്നിവയിലേക്ക് തിരിയും.

'' ഇക്കുറി സീറ്റ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സീറ്റ് വർദ്ധിപ്പിച്ച പല സ്‌കൂളുകളിലും അഡ്മിഷനെടുക്കാൻ ആളെത്താത്ത സ്ഥിതി കഴിഞ്ഞ കുറച്ചു വർഷങ്ങളായുണ്ട്

'' വിദ്യാഭാസവകുപ്പ് അധികൃതർ

പ്ലസ് വൺ സീറ്റുകൾ : 2200

ആകെ സ്‌കൂളുകൾ : 133