കോട്ടയം : എസ്.എസ്.എൽ.സി പരീക്ഷാ വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെ ഏഴാം സ്ഥാനത്ത് നിന്നും ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിന്റെ ആവേശത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും. സ്‌കൂൾ തുറന്നില്ലെങ്കിലും അടുത്ത വർഷം ഒന്നാം സ്ഥാനത്ത് എത്താനായി ഓൺലൈൻ ക്ലാസുകളും അനുബന്ധ പഠന പ്രവർത്തനങ്ങളും സജീവമായി പുരോഗമിക്കുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ കർമ്മ പരിപാടികളാണ് വിജയശതമാനം വർദ്ധിക്കാൻ വഴിയൊരുക്കിയത്. സർവശിക്ഷ കേരളയും ഡയറ്റും തദ്ദേശസ്ഥാപനങ്ങളും പിന്തുണയേകി. ജില്ലാ പഞ്ചായത്തിന്റെ ഏബിൾ 2 വിജയോത്സവം പദ്ധതി നടപ്പാക്കിയ 42 സർക്കാർ സ്‌കൂളുകളിൽ 32ഉം നൂറുമേനി വിജയം നേടി.
വിജയിച്ച വിജയോത്സവം
വിജയോത്സവത്തിന്റെ ഭാഗമായി ജില്ലയെ നാലുമേഖലകളായി തിരിച്ച് പ്രഥമാദ്ധ്യാപകർക്കും അദ്ധ്യാപകർക്കും പി.ടി.എ പ്രസിഡന്റുമാർക്കുമായി ശില്പശാലകൾ നടത്തിയാണ് പ്രവർത്തന രൂപരേഖ തയ്യാറാക്കിയത്. പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങൾക്ക് ഡയറ്റ് വൈഭവം ടീം തയ്യാറാക്കിയ പരീക്ഷാ മൊഡ്യൂൾ സി.ഡിയിലാക്കി സ്‌കൂളുകൾക്കും നൽകി. പിന്നാക്ക സ്‌കൂളുകളെ തിരഞ്ഞെടുത്ത് അധിക പഠനത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. സർവശിക്ഷ കേരള ഭിന്നശേഷി കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു.
'' ലോക്ക് ഡൗൺ കാലത്ത് പിന്നാക്ക മേഖലകളിൽ പ്രാദേശിക പഠന കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സംവിധാനമൊരുക്കി.പുതിയ അദ്ധ്യയന വർഷത്തിൽ ജില്ലയിൽ ഇതുവരെ പത്താം ക്ലാസിൽ പ്രവേശനം നേടിയിട്ടുള്ള എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഓൺലൈൻ ക്ലാസുകളിൽ ഉറപ്പാക്കിയിട്ടുണ്ട്
കെ.ജെ. പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ
100 ശതമാനം വിജയം : 190 സ്‌കൂളുകൾ
മുഴുവൻ എ പ്ളസ് : 1851 വിദ്യാർത്ഥികൾ