കോട്ടയം : കോട്ടയത്ത് ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയേത് ? സി.പി.എമ്മെന്ന് വാസവനും, കോൺഗ്രസെന്ന് ജോഷി ഫിലിപ്പും ആണയിടുന്നതിനിടയിൽ യു.ഡി.എഫിൽ നിന്ന് പുറത്തായ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ജനപിന്തുണയേ ചൊല്ലിയും ഇടത് - വലത് നേതാക്കൾ തമ്മിൽ കൊമ്പുകോർക്കുന്നു.
സി.പി.എം കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ളത് ജോസ് വിഭാഗമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ കണ്ടെത്തൽ പൊരിഞ്ഞ വാക് പോരിനും വഴിയൊരുക്കി. കോൺഗ്രസാണ് ജില്ലയിലുടനീളം വേരോട്ടമുള്ള കക്ഷിയെന്ന് വ്യക്തമാക്കി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് രംഗത്തെത്തിയപ്പോൾ ജോസ് വിഭാഗത്തിന് ഒരു സ്വാധീനവുമില്ലെന്നായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്റെ വിലയിരുത്തൽ.
അത്ര ശക്തിയൊന്നുമില്ല
സി.പി.എം ജില്ലാ സെക്രട്ടറി പറയുന്ന അത്ര ശക്തിയൊന്നും ജോസിന്റെ പാർട്ടിക്ക് ഇല്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. യു.ഡി.എഫ് മുന്നണി തകർന്നതിനാൽ ഇടത് ജനപിന്തുണ ഏറെ വർദ്ധിച്ചിട്ടുണ്ട്. അതു കൊണ്ട് ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കേണ്ട കാര്യമില്ല. ബാർക്കോഴ കേസിൽ കെ.എം.മാണിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിലെ പ്രതിയാണ് താൻ. അതൊന്നും അത്ര വേഗം മറക്കാനാകില്ല. ജോസ് വിഭാഗമെത്തിയാൽ സി.പി.ഐയ്ക്ക് നഷ്ടമാണെന്നതിനാൽ എതിർക്കുന്നുവെന്ന പ്രചാരണം ശരിയല്ല. നിലപാടിന്റെ പേരിലാണ് എതിർക്കുന്നത്
സി.കെ.ശശിധരൻ (സി.പി.ഐ ജില്ലാ സെക്രട്ടറി)
സി.പി.എമ്മിന്റേത് പ്രീണന തന്ത്രം
ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് കോൺഗ്രസാണ്. ആറ് നഗരസഭകളിൽ മൂന്നെണ്ണം കോൺഗ്രസ് ഭരണത്തിലാണ്. ബ്ലോക്ക് പഞ്ചായത്ത് തലത്തിലും കൂടുതൽ സീറ്റ് കോൺഗ്രസിനാണ്. ജില്ലാ പഞ്ചായത്തിലും വലിയ ഒറ്റക്ഷിയാണ്. യു.ഡി.എഫിൽ നിന്ന് പുറത്തായ ജോസ് വിഭാഗത്തെ പ്രീണിപ്പിക്കാൻ ഇല്ലാത്ത അവകാശവാദമായി സി.പി.എം ജില്ലാ സെക്രട്ടറി തന്നെ വന്നത് അപഹാസ്യമാണെന്ന്
ജോഷി ഫിലിപ്പ് (ഡി.സി.സി പ്രസിഡന്റ്)