കോട്ടയം: ധനകാര്യ കമ്മിഷന്റെ ഗ്രാൻ്റ് ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾക്കും അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആശ്വാസം. നിലവിൽ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാത്രം ലഭിച്ചിരുന്ന ധനകാര്യകമ്മിഷൻ വിഹിതമാണ് ഇനി മുതൽ ജില്ലാ പഞ്ചായത്തിനും ബ്ലോക്കിനും ലഭിക്കുക. ലഭിക്കുന്ന തുകയുടെ 50% തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടം വിനിയോഗിക്കാമെന്നാണ് ചട്ടം. ശമ്പളം, എസ്റ്റാബ്ലീഷ്‌മെൻ്റ് ചെലവുകൾക്ക് ഈ തുക ഉപയോഗിക്കാൻ പാടില്ല. ഈ തുകയുടെ അൻപത് ശതമാനം പ്രത്യേക ഉദേശ്യ ഫണ്ടായാണ് നൽകുക. ഈ തുക ഉപയോഗിച്ച് ശുചിത്വം, ഖരദ്രവ മാലിന്യ സംസ്‌ക്കരണം, വെളിയിട വിസർജ്ജന വിമുക്തി സ്ഥിതി (ഒഡിഎഫ്) സ്റ്റാറ്റസ് നിലനിർത്തുന്നതിനും ഒ.ഡി.എഫ് + പദവി കൈവരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ, കുടിവെള്ള പ്രോജക്ടുകൾ, മഴവെള്ളക്കൊയ്ത്ത്, ജലസംരക്ഷണവും ജലസ്രോതസ്സുകളുടെയും ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിന്റെ പുനരുപയോഗവും പുനചംക്രമണവും തുടങ്ങിയ പ്രോജക്ടുകൾ നടപ്പാക്കാൻ ഉപയോഗിക്കാം.