കോട്ടയം : മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന സൗജന്യ ഭക്ഷണവിതരണം ഇന്ന് നൂറാം ദിവസത്തിലേക്ക്. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച 37 സാമൂഹ്യഅടുക്കളകളിലൂടെ 5 ലക്ഷം പേരെയാണ് അഭയം അന്നമൂട്ടിയത്. സി.പി.എം ജില്ലാ സെക്രട്ടറിയും, അഭയം ഉപദേശകസമിതി ചെയർമാനുമായ വി.എൻ.വാസവന്റെ കരുത്തുറ്റ ഏകോപനമാണ് ഇതിന് പിന്നിൽ. സർക്കാരിൽ നിന്ന് യാതൊരു സഹായവും വാങ്ങാതെയാണ് അടുക്കള ഈ നൂറാം നാളിലും പ്രവർത്തിക്കുന്നത്.

അഭയത്തിന്റെ പ്രാദേശിക സമിതികളാണ് അടുക്കളകൾക്ക് നേതൃത്വം നൽകുന്നത്. ഏത് പ്രതിസന്ധിയേയും സമൂഹം ഒന്നായി പ്രതിരോധിക്കുമെന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ജില്ലയിലെമ്പാടും പ്രവർത്തിച്ച അഭയം അടുക്കളകളകളെന്ന് ചെയർമാൻ വി.എൻ.വാസവനും, സെക്രട്ടറി എബ്രഹാം തോമസും പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുലക്ഷം തൂവാലകൾ, ഒന്നര ലക്ഷം മാസ്കുകൾ, 300 ലിറ്റർ സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്കുള്ള മരുന്നുകളാണ് ഇതിനോടകം നൽകിയത്. 4000 കിടപ്പുരോഗികൾക്ക് അഭയം ഹോം കെയർ ഉറപ്പാക്കി. രോഗികളെ ആശുപത്രിയിലും വീട്ടിൽ എത്തിക്കുന്നതിനും അഭയം ആംബുലൻസുകളുടെ സൗജന്യസേവനം നൽകി. പ്രധാന കേന്ദ്രങ്ങളിൽ ആംബുലൻസുകളിൽ മെഡിക്കൽ ടീം സന്ദർശനം നടത്തി.

സേവനവഴിയിൽ തളരാതെ...

'ഹലോ ഡോക്ടർ പദ്ധതി' പ്രകാരം തലയോലപ്പറമ്പിൽ ഓൺലൈൻ ചികിത്സാ സൗകര്യം ഒരുക്കി. ജില്ലയിലെ 12 ഏരിയകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 115 കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്‌ക്കുകളും, 150 ഹാൻഡ് വാഷ് കോർണറുകളും സ്ഥാപിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വായിക്കാനുള്ള പുസ്തകങ്ങളും, ഭക്ഷ്യധാന്യകിറ്റുകളും എത്തിച്ച് നൽകി. ഓൺലൈൻ പഠനത്തിന് വിദ്യാഭ്യാസ വകുപ്പിന് 100 ടെലിവിഷനുകൾ നൽകി. 50ൽപ്പരം വിദ്യാർത്ഥികൾക്ക് നേരിട്ടും ടി.വി വിതരണം ചെയ്തു.