അടിമാലി : വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ അഭിഭാഷകനടക്കം നാലുപേർ അറസ്റ്റിലായി. വെള്ളത്തൂവൽ കത്തിപ്പാറ പഴക്കാളിയിൽ ലതാ ദേവി (32), അടിമാലി ചാറ്റുപാറ മറ്റപ്പിള്ളിൽ അഡ്വ.ബെന്നി മാത്യു (55), മന്നാംകണ്ടം പടിക്കപ്പ് കുടിയിൽ ചവറ്റുകുഴിയിൽ ഷൈജൻ (43), മന്നാംകണ്ടം പിടിക്കപ്പ് തട്ടായത്ത്മുഹമ്മദ് ( ഷമീർ - 38) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്. വ്യാപാരിയിൽ നിന്ന് 1.3 ലക്ഷം രൂപയും, 7.5 ലക്ഷം രൂപയുടെ ഒപ്പിട്ട ചെക്കുകളും 100 രൂപയുടെ 2 ബ്ലാങ്ക് മുദ്രപത്രങ്ങളും ഇവർ കൈക്കലാക്കിയിരുന്നു.
പൊലീസ് പറയുന്നത് : കഴിഞ്ഞ ജനുവരി 26 ന് അടിമാലിയിലെ വ്യാപാരിയായ വിജയന്റെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാൻ എന്ന പേരിലാണ് സംഘം എത്തിയത്. ഇതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ ലതാദേവി തന്ത്രപൂർവം ഫോണിൽ പകർത്തിയാണ് മടങ്ങിയത്. തൊട്ടുപിന്നാലെ ഇവരുടെ സംഘത്തിലെ ഷൈജൻ റിട്ട.ഡിവൈ.എസ്.പി സഹദേവൻ എന്ന് പരിചയപ്പെടുത്തി വിജയനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. സംഭവം ഒതുക്കി തീർക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും പണം അടിമാലിയിലെ അഡ്വ.ബെന്നി മാത്യുവിനെ ഏല്പിക്കാനും പറഞ്ഞു.
കൈവശമുണ്ടായിരുന്ന 70,000 രൂപയുമായി വിജയൻ ബെന്നി മാത്യുവിന്റെ ഓഫീസിൽ എത്തി. രണ്ട് ചെക്കുകളും ഒപ്പിട്ട് വാങ്ങി. ഫെബ്രുവരി 15 ന് വിജയനെ ഭീഷണിപ്പെടുത്തി ഷൈജൻ മുഹമ്മദിന്റെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി അഭിഭാഷകന്റെ ഓഫീലെത്തിച്ച് 5 ലക്ഷം രൂപയുടെ ചെക്കും,100 രൂപയുടെ രണ്ട് മുദ്ര പത്രവും ഒപ്പിട്ട് വാങ്ങി. ഷൈജൻ ഹൈക്കോടതി അഭിഭാഷകനാണെന്ന് പറഞ്ഞ് 60000 രൂപയും വാങ്ങി.
ബാക്കി പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് ജൂലായ് 1 ന് വിജയൻ ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. സി.ഐ. അനിൽ ജോർജ്, എസ്.ഐ സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന് പറഞ്ഞ് പതിനാലാം മൈൽ സ്വദേശിയിൽ നിന്ന് 25000 രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്ന മറ്റൊരു പരാതിയിലും ഇവർക്കെതിരെ പൊലീസ് കേസെടുത്തു.