വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് തകിടിപ്പുറത്ത് തട്ടാൻ പറമ്പിൽ ദിലീപിന്റെ വീടിന്റെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്ന് തകർന്നു. ഇതോടെ വീട് അപകടഭീഷണിയിലായി. 15 അടി ഉയരമുള്ള സംരക്ഷണഭിത്തി നിലം പൊത്തിയാൽ സമീപത്തെ വാതുക്കാട് പ്രസാദിന്റെ വീട് തകരും. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ദിലീപിന്റെ വീടിന്റെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രൻ , വാർഡ് മെമ്പർ ബേബി മോൾ എം.വർക്കി എന്നിവർ സ്ഥലത്തെത്തി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി സ്വീകരിച്ചു.