അടിമാലി : മച്ചിപ്ലാവ് കാർമ്മൽ ജ്യോതി വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റർ ബുദ്ധിപരമായി വെല്ലുവിളികൾ അനുഭവിക്കുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്‌പോട്‌സിനോട് ആഭിമുഖ്യം ഉള്ളതുമായ കുട്ടികൾക്കായി സ്‌പോട്‌സ് ഹോസ്റ്റൽ ആരംഭിക്കും. 27 വർഷക്കാലമായി ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് കാർമ്മൽ ജ്യോതി.കഴിഞ്ഞ നാളുകളിൽ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി ജില്ല, സംസ്ഥാന, ദേശീയഅന്തർദേശീയ നിലകളിൽ ധാരാളം അവാർഡുകളും മെഡലുകളും ലഭിച്ചിട്ടുള്ള സ്ഥാപനമാണിത്. വിവിധ ജില്ലകളിൽ നിന്നായി 150 കുട്ടികൾ നിലവിൽ ഈ സ്ഥാപനത്തിൽ പരിശീലനം നേടി വരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാനായി കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ സ്‌പോർട്‌സ് പരിശീലനവും കൂടാതെ തൊഴിൽ പരിശീലനവും പുനരധിവാസവും ഈ പദ്ധതി വഴി ലക്ഷ്യമിടുന്നു. ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവും താല്പര്യവും അനുസരിച്ചുള്ള തൊഴിൽ പരിശീലനം ഉറപ്പാക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ കുട്ടിക്കും ഫാർമേഴ്‌സ് ക്ലബ്ബിൽ അംഗത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446213313, 8547347801 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.