'സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുമ്പോൾ എല്ലാവർക്കും താത്പര്യം തോന്നും . അവര് വരുമ്പോൾ സംസാരിക്കാൻ നോക്കും. കേരളകോൺഗ്രസിനോട് എല്ലാവർക്കും താത്പര്യം തോന്നിയാൽ ഞാൻ എന്താ ചെയ്യുക... ' മാണി വിഭാഗം യു.ഡി.എഫ് വിട്ടത് ചരൽ കുന്നിൽ പ്രഖ്യാപിക്കുമ്പോൾ കെ.എം.മാണി പറഞ്ഞതാണ് പ്രശസ്തമായ ഈ ഉപമ.
യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതോടെ മറ്റു മുന്നണികൾ പിറകേ നടക്കുമ്പോൾ മാണി മകൻ ജോസ് പറയുന്നതും പഴയ സുന്ദരിയുടെ കഥയാണെങ്കിലും ജോസഫ് യു.ഡി.എഫിനകത്തും ജോസ് പുറത്തുമായത് ഓർമിപ്പിക്കുന്നത് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയെന്ന പഴം ചൊല്ലാണ്.
മാണി വിഭാഗത്തിൽ ലയിച്ച ജോസഫ് യു.ഡി.എഫിനകത്തും ജോസ് യു.ഡി.എഫിന് പുറത്തുമായ രാഷ്ട്രീയനാടകം കാണുമ്പോൾ ഒട്ടകത്തിന് കൂടാരത്തിൽ ഇടം കൊടുത്തതുപോലെയെന്നാണ് ചുറ്റുവട്ടത്തുള്ളവർക്ക് പറയാനുള്ളത്.
അന്ന് കെ.എം. മാണിയെ വീഴ്ത്തിയത് ബാർകോഴ ഉപയോഗിച്ചാണെങ്കിൽ ഇന്ന് മകനെതിരെ ആയുധമാക്കിയത് കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദമാണ്.
യു.ഡി.എഫ് സർക്കാരിന്റെ തിളക്കമാർന്ന മുഖമായിരുന്നു കെ.എം.മാണി. മാണിയെ മുഖ്യമന്ത്രിയായി ആദരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെ ലേഖനം എഴുതി. ബി.ജെ.പി സർക്കാർ മാണിയെ ധനകാര്യ മന്ത്രി മാരുടെ കോൺഫെഡറേഷൻ അദ്ധ്യക്ഷൻ ആക്കി ആദരിച്ചു. ഇടതുപക്ഷത്തേക്ക് മാറി മുഖ്യമന്ത്രിയാവുമോ എന്ന് ഭയപ്പെട്ട കോൺഗ്രസ് നേതൃത്വം തന്ത്രപരമായി മാണിയെ ബാർകോഴ കെണിയിൽ അകപ്പെടുത്തി. സ്പീക്കർ ജി കാർത്തികേയന്റെ ചികിത്സാർത്ഥം അമേരിക്കയിൽ പോയ രമേശ് ചെന്നിത്തല മടക്കയാത്രയിൽ മുംബെയിൽ ഇറങ്ങി തിടുക്കപ്പെട്ട് മാണിക്കെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദ്ദേശം നൽകി. മാണിയെ ഒതുക്കാൻ കൊണ്ടുവന്ന ബാർ കേസ് പ്രതിപക്ഷം ഏറ്റു പിടിച്ചു. കോൺഗ്രസ് നേതാക്കളായ വി.എസ് ശിവകുമാർ, അടൂർ പ്രകാശ്, കെ. ബാബു എന്നിവരെ കേസിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ മാണിക്ക് മാത്രമായി കോഴയുടെ മുൾ കിരീടം . മാണിയുടെ മരണത്തോടെ ബാർ കേസ് അവസാനിപ്പിച്ചു. പക്ഷേ കോൺഗ്രസ് മാണി എന്ന ബിംബം തകർത്തു.
1964ൽ കോൺഗ്രസ് പിളർന്നുണ്ടായ കേരള കോൺഗ്രസിനെ മാണിയുടെ മരണത്തോടെ അവസാനിപ്പിക്കുക എന്ന ഹിഡൻ അജൻഡ നടപ്പാക്കാൻ പി.ജെ ജോസഫിന് കൈ കൊടുത്തു. മാണിയുടെ മരണശേഷം കേരള കോൺഗ്രസിനെ കോട്ടയം ജില്ലയിൽ കുഴിച്ചുമൂടണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ ജോസഫ് എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന് വെള്ളവും വളവും നൽകി. അതിനവർ കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുത്തു .ജോസിന്റെ കൂടെ തെരഞ്ഞെടുപ്പിന്റെ തലേന്ന് വരെ ഒപ്പമുണ്ടായിരുന്ന രണ്ടു അംഗങ്ങളെ ചാക്കിട്ട് പിടിച്ച് അവർക്കുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ചോദിച്ചു .കെ എം മാണിയുടെ ഓർമ്മകൾ മദ്ധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിന്നും ആട്ടിപ്പായിക്കാൻ രൂപപ്പെട്ട കോൺഗ്രസ് അജൻഡ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പ്രാദേശികപ്രശ്നത്തിൽ മാണിയുടെ മകനെ ഉച്ചിയിൽ വെച്ച കൈകൊണ്ട് ഉദയക്രിയ നടത്തി യു.ഡി.എഫിൽ നിന്നും പിണ്ഡം വെച്ച് പുറത്താക്കി.
ബാർ കേസ് വഴി കെ.എം മാണിയുടെ മുഖ്യമന്ത്രി മോഹവും രാഷ്ട്രീയ പ്രതിച്ഛായയും തകർത്തവർ കോട്ടയം ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം കരുവാക്കി മാണിയുടെ മകന് പുറത്തേക്കുള്ള വഴിയൊരുക്കിയെങ്കിലും മറ്റു മുന്നണിയിലുള്ളവർ കൈ നീട്ടി എത്തിയതോടെ പുറത്താക്കിയവരും വീണ്ടു വിചാരം തുടങ്ങി . പുറത്താക്കിയില്ല യോഗത്തിൽ നിന്ന് ഒഴിവാക്കിയേ ഉള്ളൂ എന്ന് യു.ഡി.എഫ് നേതാക്കൾ ആണയിട്ടു പറഞ്ഞെങ്കിലും ഡിമാൻഡ് മനസിലാക്കി വില പേശാൻ നിൽക്കുകയാണ് ജോസ് . കൂടുവിട്ട് കൂടുമാറുന്ന രാഷ്ട്രീയ ജാലവിദ്യ കാണാൻ കാത്തിരിക്കുകയാണ് ചുറ്റുവട്ടവും....