കോട്ടയം: കൊവിഡ് ദുരിതകാലത്തും പൊതുവിദ്യാഭ്യാസത്തോടുള്ള പ്രിയം കുറയുന്നില്ല. ഒന്നരപതിറ്റാണ്ടിനിടെ ജില്ലയിൽ ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിലെ ഏറ്റവും കുടുതൽ പ്രവേശനമാണ് ഇക്കുറി നടന്നത്. സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും ഇപ്പോൾ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ അഡ്മിഷൻ നേടിയിരിക്കുന്നത് 30,000 ലധികം കുട്ടികളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലയിലും വൻ മുന്നേറ്റം ഉണ്ടാക്കുകയാണ്. 15 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അഡ്മിഷനാണിത്. അഞ്ചുവർഷമായി ഒന്നാം ക്ലാസ്സ് ഉൾപ്പെടെ 15,000 ത്തോളം കുട്ടികൾ ആണ് പുതിയതായി പൊതുവിദ്യാലയങ്ങളിൽ എത്തിയതെങ്കിൽ ഇക്കുറിയത് ഇരട്ടിയായി. ഒന്നാം ക്ലാസ്സ് കഴിഞ്ഞാൽ 5ലും 8 ലും ആണ് ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത്. ഒന്നാം ക്ലാസ്സിൽ ഇത് വരെ എത്തിയത് പതിനായിരത്തിലധികമാണ്. സ്കൂൾ തുറക്കുമ്പോൾ ഇത് 12000 കടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷം രണ്ടു മുതൽ 10 വരെ പുതിയതായി എത്തിയത് 7054 കുട്ടികളായിരുന്നു. എന്നാൽ ഇപ്രാവശ്യം ഇത് 20128 ആയി. മൂന്നിരട്ടിയോളം.
പുതുതായി എത്തിയത്
രണ്ടിൽ 750
മൂന്നിൽ 797,
നാലിൽ 673
അഞ്ചിൽ 8780
ആറിൽ 1400
ഏഴിൽ 941
എട്ടിൽ 5894
ഒൻപതിൽ 699
പത്തിൽ 194
ആകെ 20128
പിന്നിട്ട വഴികളിലെ നേട്ടങ്ങൾ
ജില്ലയിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കായി.
42 ഗവ.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലായി
ഏബിൾ 2 വിജയോൽസവം പഠന നിലവാരമുയർത്തി
'' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇനിയും പുതിയ പദ്ധതികളുണ്ടാവും. ഇത്തവണത്തേക്കാൾ മികച്ച വിജയശതമാനമാണ് ലക്ഷ്യം''
കെ.ജെ.പ്രസാദ് കുമാർ, കോ-ഓർഡിനറ്റർ