കോട്ടയം: 'ഇടതിലേക്ക് ചാടണോ അതോ വലതിൽ തുടരണോ' എന്ന പ്രശ്നത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ഭിന്നത. ഇടതു മുന്നണിയിലേക്കില്ലെന്ന് തോമസ് ചാഴികാടൻ എം.പിയും റോഷി അഗസ്റ്റിൻ എം.എൽ.എയും പ്രഖ്യാപിച്ചുവെന്നും ഇത് തള്ളിക്കളഞ്ഞ് ഇടതിലേക്കേ താൻ ഉള്ളുവെന്ന് എൻ.ജയരാജൻ എം.എൽ. എ . അറിയിച്ചുവെന്നും വിവിധ ചാനലുകളിൽ സ്ക്രോൾ വന്നതോടെ പാർട്ടി അണികളിലും ആശയക്കുഴപ്പമേറി. നേതാക്കൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. മൂന്നു ജനപ്രതിനിധികളോടും പത്രസമ്മേളനം നടത്തി വിശദീകരണം നൽകാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടതോടെ ഉച്ചക്ക് രണ്ടിനും രണ്ടരക്കുമായി കോട്ടയത്തും തൊടുപുഴയിലും നേതാക്കൾക്ക് പത്രസമ്മേളനം നടത്തേണ്ടി വന്നു . ജോസിന്റെ പിന്നിൽ പാറ പോലെ ഉറച്ചു നിൽക്കുമെന്ന് മൂവരും പ്രഖ്യാപിച്ചുവെങ്കിലും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടെ ആശയകുഴപ്പവുമേറി .
റോഷി അഗസ്റ്റിൻ ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരികെ മുന്നണിയിലേക്ക് പോകാനുള്ള ചർച്ചയ്ക്ക് തയാറാണെന്ന് ചാഴികാടനും റോഷിയും വ്യക്തമാക്കിയെന്നും എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കില്ലെന്ന് തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും ജോസിനോട് പറഞ്ഞുവെന്നും പ്രചാരണം ഉയർന്നതിനൊപ്പം എൽ.ഡി. എഫിലേക്കേ താനുള്ളെന്നായിരുന്നു എൻ. ജയരാജ് എം.എൽ.എ. യെക്കുറിച്ചു വന്ന വാർത്ത. ജോസ് പക്ഷത്തു നിന്ന് പലരും മറുകണ്ടം ചാടുന്നതിനിടയിൽ ഈ വാർത്തക്കും പ്രചാരമേറി.
ഇല്ലിക്കൽകല്ല് ടൂറിസം പദ്ധതി നിർമാണോദ്ഘാടനചടങ്ങിനു പോയ ചാഴികാടൻ പാഞ്ഞെത്തി ജയരാജിനെയും കൂട്ടിയായിരുന്നു കോട്ടയം പ്രസ്ക്ലബ്ബിൽ വിശദീകരണത്തിനെത്തിയത്.
തോമസ് ചാഴികാടൻ എം.പി,
മൂന്ന് മുന്നണിക്കും ചെവി കൊടുക്കും . ആരുടെ മുന്നിലും ചെവിയടക്കില്ല. യു.ഡി.എഫിനെ കേൾക്കാനും തയ്യാറാണ്. ഞങ്ങളെ പ്രകോപിപ്പിച്ച് വാതിൽ അടക്കാനുള്ള പി.ജെ.ജോസഫിന്റെ ട്രാപ്പിൽ യു.ഡി.എഫ് വീഴുകയായിരുന്നു.
എൻ.ജയരാജ് എം.എൽ .എ
വെടിവച്ചാൽ ഏൽക്കില്ല .പിന്നെയാ ഞങ്ങൾക്കെതിരെ ഉണ്ടയില്ലാ വെടി. യു.ഡി.എഫുമായി ചർച്ചക്ക് അജൻഡ വേണം. 2010ലെ സീറ്റ് ധാരണ നിർദ്ദേശമായി വച്ചിരുന്നു . അതെല്ലാം തള്ളി കറിവേപ്പില പോലെ പുറത്തു കളഞ്ഞു. ഇനി എന്തു ചർച്ച .
റോഷി അഗസ്റ്റിൻ എം.എൽ.എ
മുന്നണിയിൽ ചേരുന്ന കാര്യത്തിൽ ഓന്തിന്റെ നിറം മാറുന്നതു പോലെ നിലപാട് മാറ്റില്ല . ജോസ് കെ.മാണിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും . ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല.