ചങ്ങനാശേരി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിത്രക്കുളം ഉപയോഗപ്രദമാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ അറിയിച്ചു. രണ്ട് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന കുളവും പരിസരവും വൃത്തിയാക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. പോളയും മറ്റു മാലിന്യവും കുളത്തിൽ നിന്നു നീക്കം ചെയ്യും. ജലം ശുദ്ധീകരിക്കാൻ സൗകര്യം ഒരുക്കും. കുളത്തിന് ചുറ്റും വ്യായാമത്തിനും വിശ്രമത്തിനും സൗകര്യമുണ്ടാക്കും. ബെഞ്ചുകൾ സ്ഥാപിക്കുകയും പരിസരങ്ങളിൽ ചെടികൾ വച്ചുപിടിപ്പിക്കും. സോളർ വഴിവിളക്കുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. കുളത്തിൽ മത്സ്യം നിക്ഷേപിക്കും. റോട്ടറി ഡിസ്ട്രിക്ട് 3211, ചങ്ങനാശേരി റോട്ടറി ക്ലബ് എന്നിവ നഗരസഭയുടെ സഹകരണത്തോടെയാണ് കുളം നവീകരിക്കുന്നത്. നാളെ ഉച്ചക്കഴിഞ്ഞ് 2.30ന് നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് സാജു പൊട്ടുകുളം അദ്ധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ തോമസ് വാവാനിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ ഷൈനി ഷാജി,കൗൺസിലർ ആമിന ഹനീഫ,റോട്ടറി അഡ്വൈസർ സ്കറിയ ജോസ് കാട്ടൂർ,കൺവീനർ ബിജു നെടിയകാലാപ്പറമ്പിൽ, കോ ഓർഡിനേറ്റർ ബോബൻ ടി.തെക്കേൽ, സെക്രട്ടറി ലാലിച്ചൻ മെട്രോ, സത്യപ്രസാദ്, ജോർജ് സെബാസ്റ്റ്യൻ, ഉണ്ണിക്കൃഷ്ണൻ, കണ്ണൻ കൃഷ്ണാലയം എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് സാജു പൊട്ടുകുളം, സ്കറിയ ജോസ് കാട്ടൂർ ലാലിച്ചൻ മെട്രോ, ബിജു നെടിയകാലാപറമ്പിൽ, ബോബൻ ടി തെക്കേൽ, സത്യ പ്രസാദ്, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. നവീകരണ ജോലികൾ പൂർത്തിയായ ശേഷം ഒരു വർഷത്തെ പരിപാലനച്ചുമതലയും റോട്ടറി ക്ലബ് ഏറ്റെടുക്കും .