ചൊവ്വാഴ്ച്ച ജെ.ആർ. ഓഫീസിനു മുമ്പിൽ ഡി.സി.സി. പ്രസിഡന്റ് സത്യാഗ്രഹമിരിക്കും
.
അടിമാലി: ജില്ലയിൽ യു.ഡി.എഫ്. നേതൃത്വം നൽകുന്ന നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തുന്ന സി.പി.എം. നടപടി ശുദ്ധ മര്യാദകേടെന്നും, വെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്ക് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. അടിമാലി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോർജ്ജ് തോമസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പിരിച്ചുവിട്ടത് നോട്ടീസ് പോലും നൽകാതെയാണെന്നും ഡി.സി.സി. പ്രസിഡന്റ് ആരോപിച്ചു. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവരെ ഭരണനേതൃത്വത്തിൽ വെയ്ക്കുന്ന സി.പി.എം സഹകരണ ജനാധിപത്യത്തിന്റെ കടക്കൽ കത്തിവെയ്ക്കുകയാണ്. ഇതിനെ നിയമപരമായും, രാഷ്ടട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടിക്കെതിരെ ചൊവ്വാഴ്ച്ച് രാവിലെ 10.30 ന് ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫ് കോ ഓപ്പറേറ്റീവിന്റെ പൈനാവിലെ ഓഫീസിനു മുമ്പിൽ സത്യാഗ്രഹമിരിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.