കോട്ടയം: ലോക്ക് ഡൗണിനു ശേഷം വിപണി ഉണർന്നു തുടങ്ങിയെങ്കിലും പ്രതിസന്ധിയിൽ തുടരുകയാണ് ഹോട്ടൽ മേഖല. പതിനായിരം പേർക്കെങ്കിലും ജില്ലയിൽ ഈ മേഖലയിൽ ജോലി നഷ്‌ടമായിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ അയ്യായിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്‌ക്കു മടങ്ങിക്കഴിഞ്ഞു. തൊഴിലില്ലാത്തതും കച്ചവടം ഇല്ലാത്തതും ഹോട്ടൽ മേഖലയെ പിന്നോട്ടടിക്കുകയാണ്.
ജില്ലയിൽ മാത്രം ചെറുതും വലുതുമായ രണ്ടായിരത്തോളം ഹോട്ടലുകൾ ഉണ്ടെന്നാണ് ഹോട്ടൽ അൻഡ് റെസ്റ്റൊറൻ്റ് അസോസിയേഷന്റെ കണക്ക്. അസോസിയേഷനിൽ പെടാത്ത അഞ്ഞൂറിലധികം ഹോട്ടലുകളും തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗണിനു ശേഷം ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും പലരും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുകയായിരുന്നു.
ഓൺലൈൻ ഓഫായി
ലോക്ക് ഡൗൺ കാലത്ത് അടഞ്ഞു കിടന്ന ഹോട്ടലുകൾക്ക് അൽപം ആശ്വാസം പകർന്നത് ഓൺലൈൻ കച്ചവടമായിരുന്നു. എന്നാൽ, ഹോട്ടലുകൾ തുറന്നെങ്കിലും ഓൺലൈൻ ഇപ്പോഴും ഓഫായി കിടക്കുകയാണ്. പ്രതിദിനം ശരാശരി 30,000 രൂപ വരെ കച്ചവടം നടന്നിരുന്ന ഹോട്ടലുകളിൽ കഷ്‌ടിച്ച് പതിനായിരം രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ഇതിൽ പാതിയെങ്കിലും ഓൺലൈൻ വഴി ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ശരാശരി രണ്ടായിരം രൂപയിൽ താഴെ മാത്രമാണ് .
വഴിയിൽ കച്ചവടം
കൊവിഡിന് ശേഷം സജീവമായത് ജില്ലയിലെ വഴിയരികിലെ അനധികൃത കച്ചവടമാണ്. ലൈസൻസില്ലാതെ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡരികിൽ വാഹനത്തിൽ എത്തി ഭക്ഷണം വിൽക്കുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണ്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
ഹോട്ടലുകൾ 2500
ജീവനക്കാർ 10000
ഹോട്ടലുകൾ തുറന്നെങ്കിലും സജീവമായിട്ടില്ല. ആളുകളുടെ വാങ്ങൽ ശേഷിയെ കൊവിഡ് സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ എത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഈ സാഹചര്യത്തിൽ ഹോട്ടലുകൾ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്.
എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി
ഹോട്ടൽ അസോസിയേഷൻ