pampadi-rajan
പാമ്പാടി രാജനും റോബിറ്റും

കോട്ടയം: ഉത്സവപറമ്പുകളിൽ തന്നോടൊപ്പം നിൽക്കാൻ സ്നേഹനിധിയായ ഉടമ റോബിറ്റ് ഇല്ലെന്ന സത്യം പാമ്പാടി രാജൻ ഇനിയും അറിഞ്ഞിട്ടില്ല. സ്നേഹനിധിയായ ഉടമയെ നഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണോ എന്നറിയില്ല നീരുകാലത്താണ് രാജൻ ഇപ്പോൾ. മദപ്പാടിനെ തുടർന്ന് കെട്ടിയിരിക്കുന്നതിനാൽ ഉടമയുടെ മരണാനന്തരചടങ്ങുകൾക്ക് രാജന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല. കേരളത്തിലെ ഏറ്റവും തലയെടുപ്പും വലുപ്പവുമുള്ള പാമ്പാടി രാജൻ എന്ന കൊമ്പനൊപ്പം വളർന്ന ജീവിതമാണ്

ഇന്നലെ നിര്യാതനായ ഉടമ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസിന്റേത്. 1970 ൽ റോബിറ്റിന്റെ പിതാവ് ബേബിച്ചനാണ് കോടനാട്ടു നിന്ന് നാലു വയസുകാരൻ കുട്ടിക്കൊമ്പനെ മൂടൻ കല്ലുങ്കൽ വീട്ടിലെത്തിച്ചത്. 25000 രൂപയ്‌ക്ക് ലേലത്തിൽ പിടിച്ച കുട്ടിയാനയെ ജീപ്പിലാണ് പാമ്പാടിയിലെത്തിച്ചത്. ബേബിച്ചന്റെ മക്കളായ റജിറ്റിനും ഷോബിറ്റിനും റോബിറ്റിനുമൊപ്പമാണ് കൊമ്പൻ വളർന്നത്. അതിനാൽ തന്നെ വളരെ അടുത്ത ആത്മബന്ധമാണ് അപ്പു എന്ന് വിളിപ്പേരുള്ള പാമ്പാടി രാജന് ഈ കുടുംബവുമായി ഉണ്ടായിരുന്നത്. രാജനെ ബുക്ക് ചെയ്യുന്ന ഉത്സവപ്പറമ്പുകളിൽ സൗകര്യങ്ങൾ വിലയിരുത്താൻ റോബിറ്റ് മുന്നേ എത്തുമായിരുന്നു. രാജന്റെ കുറുമ്പുകൾ നിയന്ത്രിക്കാൻ റോബിറ്റിന്റെ ഒരു വിളി മാത്രം മതി. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനായിട്ടും ഉടമകളുമായുള്ള ആത്മബന്ധം ഒരിക്കൽ പോലും രാജൻ കൈവിട്ടിട്ടില്ല. മദപ്പാട് കാലത്ത് പോലും അടുത്തു ചെല്ലാനും ഭക്ഷണം നൽകാനുമുള്ള സ്വാതന്ത്ര്യം രാജൻ റോബിറ്റിനു നൽകിയിരുന്നു. പാമ്പാടി സുന്ദരൻ എന്ന ആന കൂടി റോബിറ്റിനുണ്ട്.