basheer

തലയോലപ്പറമ്പ്: 'പാത്തുമ്മയുടെ ആടി"ലെ കഥാപാത്രങ്ങൾ ആടുമായി വേദിയിലെത്തിയപ്പോൾ സദസ് ഒന്നാകെ കരഘോഷം മുഴക്കി. സ്വന്തം കുടുംബാംഗങ്ങളെ കഥാപാത്രങ്ങളാക്കി ബഷീർ പാത്തുമ്മയുടെ ആടിലൂടെ പറഞ്ഞത് മനുഷ്യകുലത്തിന്റെയാകെ ആകുലതകളും സന്തോഷങ്ങളും പരിഭവങ്ങളുമായിരുന്നു. മലയാളത്തിൽ സമാനതകളില്ലാത്ത വായനാനുഭവം നൽകിയ ഈ കൃതിയിലെ ഇന്നു ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായ പാത്തുക്കുട്ടി, സെയ്തുമുഹമ്മദ്, ഖദീജ, ആരിഫ് തുടങ്ങിയവരാണ് ആടുമായെത്തിയത്.

കേന്ദ്ര കഥാപാത്രമായ പാത്തുമ്മയുടെ മകളാണ് ഖദീജ, പാത്തുമ്മയുടെ സഹോദരി ആനുമ്മയുടെ മകനാണ് സെയ്തുമുഹമ്മദ്, ബഷിറിന്റെ സഹോദരനായ അബ്ദുൾ ഖാദറുടെ മക്കളാണ് പാത്തുക്കുട്ടിയും ആരിഫയും. ജീവിതത്തിൽ നിന്ന് പാത്തുമ്മ ആടുകളെ ഒരിക്കലും മാറ്റിനിർത്തിയിരുന്നില്ലെന്ന് ഖദീജ പറഞ്ഞു. ഉമ്മയുടെ ആടുകളോടുള്ള ആത്മബന്ധത്തിന്റെ കണ്ണികൾ തന്റെ കാലത്തു അറ്റുപോകരുതെന്ന ആഗ്രഹത്തിൽ ഖദീജയും ആടുകളെ വളർത്തുന്നുണ്ട്. ഖദീജയുടെ കൂടെ ഇന്നലെ എത്തിയ കറുത്ത ആട് മുരടനക്കി പ്ലാവില കടിച്ചപ്പോൾ ആടിനെ ജീവിതത്തിന്റെ ഭാഗമാക്കിയ പാത്തുമ്മയും ബഷീറിന്റെ പ്രമുഖ രചനകൾ തിന്നു തീർത്ത ആടും അനുവാചകരുടെ മനസിലോടിയെത്തി. കഥാപാത്രങ്ങൾ ഓരോരുത്തരായി പാത്തുമ്മയുടെ ആടിലെ അവരെക്കുറിച്ചുളള ഭാഗങ്ങൾ സദസ്സിൽ വായിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ 26-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബഷീർ ഭാര്യ ഫാബിയുമൊത്ത് താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ എം.ഡി. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സി.കെ.ആശ എം.എൽ. എ കവിത വായിച്ച് ഉദ്ഘാടനം ചെയ്തു. ബഷീർ സ്മാരകസമിതി വൈസ് ചെയർമാൻ മോഹൻ ഡി.ബാബു, പ്രൊഫ. കെ.എസ്. ഇന്ദു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ.യു.ഷംല, കോട്ടയം ഡെപ്യൂട്ടി കളക്ടർ കെ.എം.മുഹമ്മദ് ഷാഫി, കെ.എം. ഷാജഹാൻ, ഡോ.എസ്. ലാലി മോൾ, അബ്ദുൾ അപ്പാംചിറ , ഡോ.എസ്. പ്രീതൻ തുടങ്ങിയവർ സംബന്ധിച്ചു.