കോട്ടയം: കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി ബ്രേക്ക് ദി ചെയിൻ ഡയറിയുമായി വിദ്യാർത്ഥികൾ. പാമ്പാടി വെള്ളൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരാണ് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർക്കും, കടയിലെത്തുന്നവർക്കും കൊവിഡ് ഡയറി നൽകിയത്. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷത്തോളം ഡയറികളാണ് സംസ്‌ഥാനത്തെമ്പാടും വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഡയറി വിതരണം പാമ്പാടി വെള്ളൂരിലും നടത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എയ്‌ക്കു ഡയറി നൽകി പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് മാത്തച്ചൻ പാമ്പാടി പരിപാടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ രതീഷ് ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി പഞ്ചായത്ത് അംഗം ഏലിയാമ്മ അനിൽ, പി.ടി.എ പ്രസിഡൻ്റ് കെ.പി രംഗനാഥൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മനോജ് കുമാർ, അദ്ധ്യാപകൻ കെ.പി നൗഷാദ്, വോളണ്ടിയേഴ്‌സായ ജിബിൻ തോമസ്, രാജേഷ് രാമൻ എന്നിവർ പ്രസംഗിച്ചു.