crime

കോട്ടയം: പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലരേയും കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ ലതാദേവിയെയും മറ്റ് രണ്ട് പ്രതികളെയും കോടതി റിമാൻ‌ഡ് ചെയ്തു. കേസിൽ ഉൾപ്പെട്ടുവെന്ന് പറയുന്ന അടിമാലി ബാറിലെ അഭിഭാഷകൻ ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യുവിനോട് (56) ഇന്ന് കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം തട്ടിപ്പിനിരയായ മൂന്നുപേർ കൂടി അടിമാലി സ്റ്റേഷനിൽ പരാതി നല്കി. കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലാർകുട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി (32), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയിൽ ഷൈജൻ (43), പടിക്കപ്പ് തട്ടായത്ത് ഷെമീർ (38) എന്നിവരാണ് റിമാൻഡിലായത്. അടിമാലി ടൗണിൽ ചെരിപ്പുകട നടത്തുന്ന വിജയന്റെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. വിജയനെ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ ലതാദേവിയും സംഘവും കൈക്കലാക്കിയെന്നാണ് പരാതി. കൂടാതെ ഏഴു ലക്ഷം രൂപ എഴുതിയ മൂന്നു ചെക്കുകളും ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങി. രണ്ട് മുദ്രപത്രങ്ങളിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്ന് വിജയൻ നല്കിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 27നായിരുന്നു സംഭവം.

വിജയന്റെ ബന്ധുവിന്റെ പേരിലുള്ള 9.5 സെന്റ് സ്ഥലം വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ ലതാദേവി വിജയനുമായി നില്ക്കുന്ന ഫോട്ടോ സൂത്രത്തിൽ മൊബൈൽഫോണിൽ പകർത്തി. ഇത് കാട്ടിയായിരുന്നു ഭീഷണിപ്പെടുത്തൽ ആരംഭിച്ചതെന്നാണ് അറിയുന്നത്. ഫെബ്രുവരി നാലിന് റിട്ട.ഡിവൈ.എസ്.പി ആണെന്ന് പറഞ്ഞ് ഷൈജൻ വിജയനെ മൊബൈൽ ഫോണിൽ വിളിച്ചു. വീട്ടിലെത്തിയ ലതാദേവിയോട് അപമര്യാദയായി പെരുമാറിയെന്നും ഇതിനുള്ള തെളിവുകൾ അവരുടെ പക്കലുണ്ടെന്നും അവർ കേസ് നല്കുവാൻ തീരുമാനിച്ചിരിക്കയാണെന്നും പറഞ്ഞു. കേസായാൽ നാണക്കേടാവുമെന്നും എന്തെങ്കിലും കൊടുത്ത് പ്രശ്നം ഒത്തുതീർപ്പാക്കണമെന്നും ഇയാൾ നിർദ്ദേശിച്ചു.

തുടർന്ന് 70,000 രൂപ വിജയൻ നല്കി. തുടർന്നും ഭീഷണി വന്നതോടെ 67,000 രൂപ കൂടി നല്കി. എന്നാൽ ഏഴുലക്ഷം രൂപ വേണമെന്ന് ലതാദേവി ആവശ്യപ്പെട്ടു. ഇത് നല്കാതിരുന്നതിനെ തുടർന്ന് കേസിലെ പ്രതിയായ ഷെമീർ കാറുമായി വിജയന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ചെക്കുകളിൽ ഒപ്പിടുവിച്ചു. ഇതോടെ വിജയൻ അടിമാലി സി.ഐ അനിൽ ജോർജിന് പരാതി നല്കുകയായിരുന്നു. ലതാദേവിയും സംഘവും അറസ്റ്റിലായതോടെ തട്ടിപ്പിനിരയായവർ പരാതികളുമായി സ്റ്റേഷനിൽ എത്തിത്തുടങ്ങി. പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലതാദേവി 25,000 രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പതിനാലാംമൈൽ സ്വദേശി അടിമാലി പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. 2017ൽ ലതാദേവിയും ഷൈജനും ചേർന്ന് കല്ലാർകുട്ടിയിൽ ഒരു പോസ്റ്റുമാനെ ഭീഷണിപ്പെടുത്തി 70,000 രൂപ തട്ടിയെടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്.