arrest

കോട്ടയം: കാലവർഷമെത്തി. ഒപ്പം മോഷ്ടാക്കളും. ബൈക്കിലെത്തി മാല മോഷണവും വീട് കുത്തിത്തുറന്ന് മോഷണവും നടത്തിവന്നിരുന്ന മൂന്നംഗ സംഘം പിടിയിലായതോടെ തെളിയാതെ കിടന്ന ഡസൻ കണക്കിന് കേസുകൾക്ക് തുമ്പുണ്ടായി. ഇതിനോടകം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി അൻപതിലധികം കേസുകൾ ഇവരുടെ പേരിലുണ്ടെന്ന് കടുത്തുരുത്തി സി.ഐ ബി.എസ്.ബിനു വ്യക്തമാക്കി.

തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടിൽ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടിൽ ജോൺസൺ (30), കോലഞ്ചേരി വാണിക്കാട്ടിൽ ഷിജു (40) എന്നിവരാണ് അറസ്റ്റിലായത്. മോഷണം ലക്ഷ്യമാക്കി ഇവർ കാറിൽ കറങ്ങുന്നതിനിടയിലാണ് സംശയം തോന്നിയ സി.ഐ മൂവരെയും കസ്റ്റഡിയിലെടുത്ത് . ചോദ്യം ചെയ്തതോടെ അടുത്തയിടെ കടുത്തുരുത്തി പ്രദേശത്ത് നടന്ന പല മോഷണവും ഇവരാണ് നടത്തിയതെന്ന് തെളിഞ്ഞു. കൂടാതെ ബൈക്കിൽ എത്തി ഒരു ഡസനിലധികം മാലകൾ പൊട്ടിച്ചെടുത്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

എറണാകുളം കുറുപ്പുംപടിയിൽ കട കുത്തിത്തുറന്ന് 400 കിലോ റബർഷീറ്റും 4500 രൂപയും അപഹരിച്ചതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി. കുറുപ്പുംപടി പൊലീസ് കേസ് എടുത്ത് അന്വേഷിക്കുന്ന തിനിടയിലാണ് ഇവർ കടുത്തുരുത്തി പൊലീസിന്റെ വലയിൽ കുടുങ്ങിയത്. കുറുപ്പുംപടി, പെരുമ്പാവൂർ, പുത്തൻകുരിശ്, കരിങ്കുന്നം, കോടനാട്, പത്തിമറ്റം, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ ഈ സംഘത്തിനെതിരെ കേസുകൾ നിലവിലുണ്ട്.

മാല പൊട്ടിക്കാൻ ഇവർ മൂവരും ഒരുമിച്ചാണ് പോവുക. ഇരയെ കണ്ടാൽ ഒരാൾ ബൈക്കിൽ പിന്തുടരും. തുടർന്ന് മൊബൈലിൽ വിവരം രണ്ടംഗ സംഘത്തിന് കൈമാറും. അവർ എത്തി മാലയും പൊട്ടിച്ചെടുത്ത് അതിവേഗം പായും. ഒന്നുമറിയാത്ത ഭാവത്തിൽ ആദ്യത്തെയാൾ രംഗനിരീക്ഷണം നടത്തിയശേഷം മടങ്ങുകയാണ് പതിവ്. വൻകൊള്ളകൾക്കും മൂവരും ചേർന്നാണ് പോവുക. മറ്റാരേയും സംഘത്തിൽ ഉൾപ്പെടുത്തുകയില്ലായെന്ന പ്രത്യേകതയും ഇവർക്കുണ്ട്. അതിനാലാണ് സംഘം പിടികൊടുക്കാതെ ഇത്രയും നാൾ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

മോഷണം നടത്തിക്കിട്ടുന്ന തുക തുല്യമായി പങ്കിടും. പെണ്ണിനും ആർഭാടജീവിതത്തിനുമാണ് പണം ചെലവഴിക്കുക. സ്റ്റാർ ഹോട്ടലുകളിലാണ് മിക്കവരും ഇവർ ഭക്ഷണം കഴിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.