thazhathangady

കോട്ടയം: ദൃ‌ക്‌സാക്ഷികൾ ആരുമില്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളിൽ കൊലയാളിയെ പിടികൂടി, തെളിവുകൾ ശേഖരിച്ച പൊലീസ് ടീമിന് ജില്ലാ പൊലീസ് മേധാവിയുടെ ഗുണ്ട് സർവീസ് എൻട്രി. താഴത്തങ്ങാടി പാറപ്പാടം കൊലക്കേസിൽ അന്വേഷണം അതിവേഗം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, അഡീഷണൽ എസ്.പി എ.നിസാം എന്നിവരുൾപ്പെട്ട സംഘത്തിനാണ് ഗുഡ് സർവീസ് എൻട്രി നൽകി ആദരിച്ചത്.

പാറപ്പാടം ഷാനി മൻസിലിൽ ഷീബ സാലിയെ കൊലപ്പെടുത്തുകയും, ഭർത്താവ് സാലിയെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലാണ് സംഭവം നടന്ന് ഒരു ദിവസം പിന്നിടുന്നതിനുമുമ്പ് പ്രതിയെ പിടികൂടിയത്. മോഷണമായിരുന്നു ലക്ഷ്യം. പ്രതി ബിലാലിനെതിരെ തെളിവുകൾ പരമാവധി ശേഖരിച്ച് കേസ് അന്വേഷണം പൂർത്തിയാക്കിയിരുന്നു.

കവർന്നെടുത്ത സ്വർണാഭരണങ്ങളും രണ്ടു ദിവസത്തിനുള്ളിൽ കണ്ടെത്തി. കൂടാതെ വീട്ടിൽ നിന്നും കവർന്ന വാഗൺ ആർ കാർ ആലപ്പുഴയിൽ നിന്നും പൊലീസ് കസ്റ്റ‌ഡിയിലെടുത്തു. ഞൊടിയിടയിൽ പ്രതിയെ കണ്ടെത്തി, അന്വേഷണം പൂർത്തിയാക്കിയ കേസ് അടുത്തിടെ വേറെ ഉണ്ടായിട്ടില്ല.

കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ, സി.ഐ മാരായ ബാബു സെബാസ്റ്റ്യൻ, യു.ശ്രീജിത്ത്, എസ്.ഐ മാരായ ടി.എസ്.റനീഷ്, ടി.ശ്രീജിത്ത്, ടി.സുമേഷ്, പി.എസ്.റിജുമോൻ. വി.എസ് ഷിബുക്കുട്ടൻ, അജിത്, എ.എസ്.ഐ മാരായ സജികുമാർ, പി.എൻ മനോജ്, സി.പി.ഒ മാരായ സജിമോൻ ഫിലിപ്പ്, കെ.ആർ ബൈജു, ശ്യാം എസ്.നായർ, അനീഷ്, ശ്രാവൺ, വി.എസ് മനോജ്കുമാർ എന്നിവർക്കാണ് ഗുഡ് സർവീസ് എൻട്രി ലഭിച്ചത്.