കോട്ടയം : ലോക്ക് ഡൗൺ കാലം ചില പുതുമാതൃകകൾ കൂടി തുറന്നുകൊടുക്കുകയാണ്. ആയിരങ്ങളെ പങ്കെടുപ്പിക്കുന്ന സമരം വേണ്ട, പതിനായിരങ്ങൾ മുടക്കിയുള്ള ഉദ്ഘാടനവും വേണ്ട ! ഏത് ചെറുപാർട്ടിക്കും സമരം നടത്താം. ആളുകുറയുമോയെന്ന പേടിവേണ്ട. ആളുകളെ സംഘടിപ്പിക്കാനുള്ള നെട്ടോട്ടവും വേണ്ട. കൊവിഡ് കാലത്ത് കൊച്ചുകൊച്ചു രാഷ്ട്രീയ പാർട്ടികളും ചിന്നചിന്ന സംഘടനകളുമാണ് നേട്ടം കൊയ്തത്. മുൻകാലങ്ങളിൽ വൻകിട പാർട്ടികൾ മുതൽ ശരാശരി സംഘടനകൾ വരെ ധർണയിലും സമ്മേളനങ്ങളിലും നൂറു കണക്കിന് ആളുകളെയാണ് അണിനിരത്തിയിരുന്നത്.

എന്നാൽ അക്കാലത്ത് ജില്ലാ സമ്മേളനത്തിനോ സംസ്ഥാന സമ്മേളനത്തിനോ ഇരുപത് ആളെപ്പോലും തികയ്ക്കാൻ കഴിയാതെ പല സംഘടനക്കാരും വെള്ളം കുടിച്ചിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷമുള്ള മൂന്നുമാസങ്ങൾ ജനകീയ സമരങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓൺലൈൻ യോഗങ്ങൾ വ്യാപകമായതോടെ സംഘടനകൾ സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക യോഗങ്ങൾ വരെ വീഡിയോ കോൺഫറൻസ് വഴിയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കഴിഞ്ഞ ഒന്നരമാസമായി പ്രതിഷേധ സമരങ്ങൾ നടത്തിയത് . പരമാവധി 5 പേർ എന്നതായിരുന്നു കണക്ക്. എന്നാൽ ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും 20 മുതൽ 50 പേർ വരെ പങ്കെടുക്കുന്ന കളക്ടറേറ്റ് ധർണകൾ തുടങ്ങി. സമരത്തിന് ആളുകൾ കുറഞ്ഞതോടെ ബ്ളോക്കും നിന്നു.

 ഏത് വി.ഐ.പിയും ഓൺലൈനിലുണ്ട്

പതിനായിരങ്ങൾ പൊടിച്ചുകൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങുകൾക്കും വിരാമമായി. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ നെട്ടോട്ടമോടേണ്ട. വി.വി.ഐ.പിക്ക് വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട ഒരുക്കങ്ങളില്ല. വാദ്യമേളങ്ങളോടെ അതിഥിയെ സ്വീകരിക്കാനുള്ള തത്രപ്പാട് വേണ്ട. ലാപ്പ് ടോപ്പ് തുറക്കുക, നെറ്റ് കണക്ട് ചെയ്യുക. തീർന്നു !

ഉദ്ഘാടനങ്ങൾ വീഡിയോ കോൺഫറൻസിലൂടെയായപ്പോൾ തങ്ങൾക്കാണ്കൂടുതൽ ആശ്വാസമെന്നാണ് ചില പൊലീസുകാർ പറയുന്നത്. സുരക്ഷയ്ക്കായി മണിക്കൂറുകൾ കാത്തുകെട്ടി നിൽക്കേണ്ട സമയം ഒഴിവായി.

സാമ്പത്തിക ലാഭം ചില്ലറയല്ല

ഉദ്ഘാടകന്റെ പവർ അനുസരിച്ച് ചെലവും കൂടും. വലിയ പന്തൽ, കസേര, തിങ്ങി നിറഞ്ഞ സദസ്, വാദ്യമേളങ്ങൾ, പൊലീസ് സന്നാഹങ്ങൾ. ആംബുലൻസും ഫയർഫോഴ്സുമടക്കമുള്ള സജ്ജീകരണങ്ങൾ എല്ലാ ം ഒഴിവായി.

ഉദ്ഘാടനങ്ങളൊക്കെ ഇത്ര സിമ്പിളായി നടക്കുമെന്ന് കൂടി ലോക്ക്ഡൗൺ കാലം കാട്ടിക്കൊടുത്തു. ജനപ്രതിനിധികൾക്ക് ഉദ്ഘാടനംചെയ്യാൻ മാത്രേ സമയമുള്ളൂവെന്ന ആക്ഷേപവും പരിഹരിക്കപ്പെട്ടു. ഉദ്ഘാടനങ്ങളുടെ പേരിലുള്ള ധൂർത്ത് തത്കാലത്തേയ്ക്ക് അവസാനിച്ചു''

മഹേഷ് വിജയൻ , വിവരാവകാശ പ്രവർത്തകൻ