ചങ്ങനാശേരി: മനയ്ക്കച്ചിറ എ.സി കനാലിലെ പോള വാരിനീക്കുന്ന ജോലികൾ പുരോഗമിക്കുന്നു. മനയ്ക്കച്ചിറ മുതൽ കിടങ്ങറവരെയുള്ള ഭാഗത്തെ പോളയാണ് വാരിനീക്കുന്നത്. സി.എഫ്. തോമസ് എം.എൽ.എയുടെ നിവേദനത്തെ തുടർന്ന് പദ്ധതിക്കായി 25 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വാരിനീക്കുന്ന പോള എ.സി റോഡരികിലാണ് കൂനകൂട്ടിയിരുന്നത്. ഇത് പരാതിക്ക് ഇടയാക്കിയിരുന്നു. പോള തള്ളുന്നതിനു കണ്ടെത്തിയ സ്ഥലങ്ങളിലെ സമീപവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പോള നിക്ഷേപിക്കാൻ മറ്റ് സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് റോഡരികിൽ തന്നെ നിക്ഷേപിച്ചത്.
സി.എഫ് തോമസ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടതോടെ കോമങ്കേരിച്ചിറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കാണ് ഇപ്പോൾ പോള നീക്കുന്നത്. ഇന്നലെ മാത്രം നാല് ലോഡ് പോള നീക്കം ചെയ്തു. കനാലിൽ നിന്ന് നീക്കം ചെയ്ത പോള നിക്ഷേപിക്കുന്നതിനായി നിരവധി പേരെ സമീപിച്ചെങ്കിലും സ്ഥലം വിട്ടുനല്കാൻ ആരും തയ്യാറായില്ലെന്ന് അധികൃതർ പറഞ്ഞു.