സപ്ലൈകോ നെല്ല് സംഭരിച്ചില്ല, ആശങ്കയോടെ കർഷകർ
തലയോലപ്പറമ്പ് : കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാതെ സപ്ലൈകോ. വെള്ളൂർ പഞ്ചായത്തിലെ മേവെള്ളൂർ പാടശേഖരത്തെ നെല്ലാണ് പത്ത് ദിവസത്തിലേറെയായി കെട്ടിക്കിടക്കുന്നത്. പതിനഞ്ച് ഏക്കർ വരുന്ന പാടശേഖരത്ത് തോട്ടത്തിൽ ബനോയിയും സഹോദരങ്ങളും ചേർന്നാണ് കൃഷിയിറക്കിയത്. മഴയെ തുടർന്ന് സമീപത്തെ പള്ളിയുടെ ഹാളിലാണ് ദിവസങ്ങളായി നെല്ല് കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം 30നായിരുന്നു പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണത്തിന്റെ അവസാന തീയതി.എന്നാൽ 25ന് കൊയ്‌തെടുത്ത നെല്ല് മില്ലുകാരും, സപ്ലൈകോ ഉദ്യോഗസ്ഥരുമെത്തി പരിശോധിച്ചിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞതിനാൽ നെല്ല് സംഭരിക്കാൻ കഴിയില്ലെന്നാണ് സപ്ലൈകോ അധികൃതർ കർഷകരെ അറിയിച്ചത്. ഏകദേശം 20 ടണ്ണോളം വരുന്ന നെല്ലാണ് സംഭരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. പുഞ്ചക്കൃഷിക്ക് ശേഷം രണ്ടാം കൃഷി ആരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് അനുവാദം വാങ്ങിയ ശേഷമാണ് കൃഷി ആരംഭിച്ചതെന്ന് കർഷകർ പറയുന്നു. രണ്ടാംഘട്ട കൃഷിയുടെ നെല്ല് സംഭരിക്കാൻ സപ്ലൈക്കോയിൽ രജിസ്റ്ററും ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഇതേ അനുഭവം ഉണ്ടായത് മൂലം ഈ വർഷം അധികൃതരുടെ അനുവാദം വാങ്ങിയ ശേഷമാണ് കൃഷി ആരംഭിച്ചതെന്നും കർഷകർ വ്യക്തമാക്കുന്നു.
നെല്ല് സംഭരിക്കുന്നതിന് കൃഷിഭവനിൽ നിന്നും വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിരുന്നു.എന്നാൽ സപ്ലൈകോയിൽ സംഭരണസമയവുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നം വന്നിരുന്നു. തടസങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനുള്ളിൽ നെല്ല് സംഭരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജോസ്‌ന
കൃഷി ഓഫീസർ, വെളളൂർ