കോട്ടയം : റോഡരികിൽ പാർക്ക് ചെയ്‌ത ബൈക്ക് മോഷ്ടിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് പ്രതികൾ ബൈക്ക് കത്തിച്ച് രക്ഷപ്പെട്ടു. കൊല്ലാട് - പാറയ്‌ക്കൽക്കടവ് റോഡിൽ മലമേൽക്കാവ് ക്ഷേത്രത്തിലേയ്‌ക്കുള്ള വഴിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന കൊല്ലാട് പ്രജീഷ് ഭവനിൽ പ്രജീഷിന്റെ പൾസർ 150 ബൈക്കാണ് കത്തിയ നിലയിൽ കണ്ടെത്തിയത്.
ക്ലച്ച് തകരാറിനെ തുടർന്ന് ഞായറാഴ്‌ച രാവിലെ പത്തോടെയാണ് പ്രജീഷ് ബൈക്ക് ഇവിടെ വച്ചത്. അറ്റകുറ്റപ്പണി നടത്താൻ ഞായറാഴ്‌ചയായതിനാൽ ആളെ കിട്ടിയില്ല. ഇന്നലെ രാവിലെ നടക്കാനെത്തിയ ആളുകളാണ് കത്തിക്കരിഞ്ഞ നിലയിൽ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് വിവരം ഈസ്റ്റ് പൊലീസിൽ അറിയിച്ചു.
എസ്.ഐ രഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബൈക്ക് കത്തിച്ചത് നാലംഗ സംഘമാണെന്ന് പ്രദേശത്തെ വീടിന് മുന്നിൽ നിന്നുള്ള സി.സി.ടി.വി കാമറാ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കൊല്ലാട് ഭാഗത്തു നിന്ന് രണ്ട് ബൈക്കുകളിലായാണ് സംഘം എത്തിയത്. മലമേൽക്കാവ് ക്ഷേത്രത്തിനു സമീപം ബൈക്ക് നിറുത്തി സംഘത്തിൽ ഒരാൾ ഇറങ്ങി ബൈക്ക് തള്ളി മെയിൻ റോഡിലേയ്‌ക്ക് നീക്കിവയ്‌ക്കുന്നത് വ്യക്തമായി കാണാം. എന്നാൽ ക്ലച്ച് തകരാറിലായ ബൈക്ക് മോഷ്‌ടിച്ച് കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കത്തിക്കുകയായിരുന്നു. കൊല്ലാട്, പാറയ്‌ക്കൽക്കടവ്, പ്രദേശങ്ങളിലുള്ള യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.