കോട്ടയം: നാഗമ്പടം പാലത്തിലെ ഒറ്റ കുഴിയിൽ കോട്ടയം കുരുങ്ങിക്കിടക്കുന്നു....! വാഹനങ്ങൾ പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്താണ് കനത്ത മഴയെ തുടർന്ന് കുഴി രൂപപ്പെട്ടത്. കുഴിയിൽ വെള്ളം നിറ‌ഞ്ഞതോടെ എം.സി റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായത്. ഇന്നലെ രാവിലെ തന്നെ ട്രാഫിക് പൊലീസ് പൊതുമരാമത്ത് കെ.എസ്.ടി.പി അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ, ഒരാൾ പോലും ഇവിടെ എത്തിയിട്ടില്ല. അതേസമയം ഇന്നലെ രാവിലെ വാഹനങ്ങളുടെ നിര നാഗമ്പടം സ്റ്റേഡിയവും കഴിഞ്ഞു നീണ്ടു. രാവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് കുരുക്ക് നിയന്ത്രിക്കാനുണ്ടായിരുന്നത്. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് ഗതാഗതക്കുരുക്ക് അഴിച്ചത്. ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ കുടുങ്ങുകയും ചെയ്തു. ഒറ്റ രാത്രികൊണ്ടു ടാർ ചെയ്‌തു പരിഹരിക്കാൻ കഴിയുന്ന കുഴിയാണ് വാഹനങ്ങൾ കയറിയിറങ്ങി വൻ ഗർത്തമായി രൂപപ്പെടുന്നത്.