കോട്ടയം : ജില്ലാ കളക്ടർ എം.അഞ്ജന 18 ന് നടത്തുന്ന ചങ്ങനാശേരി താലൂക്ക് തല ഓൺലൈൻ അദാലത്തിലേക്കുള്ള പരാതികൾ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സ്വീകരിക്കും. താലൂക്കിലെ അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-ആപ്ലിക്കേഷൻ മുഖേനയാണ് പരാതികൾ സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.
വീടും സ്ഥലവും ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷൻ കാർഡ് , നിലംതോട്ടം പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളിൽപ്പെട്ടവ ഒഴികെയുളള പരാതികളാണ് പരിഗണിക്കുക. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് 18 ന് കളക്ടർ വീഡിയോ കോൺഫറൻസ് നടത്തുക. അപേക്ഷകർക്ക് കളക്ടറോട് സംസാരിക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. മുൻകൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിൽ എത്തണം. തഹസിൽദാർ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർ അതത് ഓഫീസുകളിൽനിന്ന് അദാലത്തിൽ പങ്കുചേരും.