കുമരകം: പഞ്ചായത്തിലെ രണ്ടാം വാർഡിൽ പതിനാലു വർഷം തരിശു കിടന്ന മറ്റീത്ര -ചാഴിവലത്തുകരി പാടശേഖരം വീണ്ടും കതിരണിയും. 50 ഏക്കർ വരുന്ന പാടശേഖരത്ത് കൃഷിയിറക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭജോലികൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുമരകം ഗ്രാമപഞ്ചായത്ത്, കർഷകസംഘം കുമരകം നോർത്ത് കമ്മറ്റി, കുമരകം ക്യഷിഭവൻ, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ മറ്റീത്ര - ചാഴിവലത്തുകരി പാടശേഖരസമതിയുടെ ഉത്തരവാദിത്തത്തിലാണ് കൃഷിയിറക്കുന്നത്. പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം മീനച്ചിലാർ - മീനന്തയാർ - കൊടൂരാർ നദീ പുനസംയോജന പദ്ധതി കോ- ഓർഡിനേറ്റർ അഡ്വ: കെ. അനിൽകുമാർ നിർവഹിച്ചു. പാടശേഖരസമിതി പ്രസിഡൻ്റ് ജയ്മോൻ മറുതാച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി.സലിമോൻ, 315 സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കേശവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം ബാബു, കെ.വി ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ കവിതാ ലാലു, എ.പി.ഗോപി, പാടശേഖരസമിതി അംഗങ്ങളായ ഷിജോ ജോൺ, ബൈജു ചവറേപ്പുര, കൃഷി ഓഫീസർ സുനാൽ തുടങ്ങിയവർ പ്രസംഗിച്ചു. പുഷ്കരൻ കുന്നത്തുചിറ സ്വാഗതവും പാടശേഖരസമതി സെക്രട്ടറി പി.ബി അശോകൻ നന്ദിയും പറഞ്ഞു.