methran

കോട്ടയം : പതിറ്റാണ്ടോളം തരിശായിക്കിടന്ന് നാലുവർഷം മുൻപ് കൃഷി പുന:രാരംഭിച്ച് നൂറുമേനി കൊയ്ത മെത്രാൻ കായൽ ആദ്യമായി ഒരുനെല്ലും മീനും കൃഷിക്കൊരുങ്ങുന്നു. 403.86 ഏക്കറോളം വരുന്ന കായലിലെ വിശ്വതേജ് വെഞ്ചേഴ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 376 ഏക്കർ കൃഷിയിടമാണ് കൃഷിയ്ക്കായി തയ്യാറെടുക്കുന്നത്. തദ്ദേശീയരായ കർഷകരെ മാത്രം ഉൾപ്പെടുത്തിയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു നെല്ലും മീനും , പുറം ബണ്ടുകളിൽ പച്ചക്കറിയുമായി മെത്രാൻ കായലിൽ സംയോജിത കൃഷി നടത്തുന്നത്.

കുമരകം നിവാസികളായ 60 ഓളം പേരാണ് ഇതിന് തയ്യാറായി വന്നിരിക്കുന്നത്. നെൽ കൃഷിക്ക് ഏക്കറിന് 15000 രൂപയും മത്സ്യകൃഷിക്ക് 3000 രൂപയുമാണ് പാട്ടത്തുക. മുൻവർഷത്തെ അപേക്ഷിച്ച് പാട്ടത്തുക അധികമെന്നുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന് പ്രധാന പാട്ടക്കരാറുകാരനായ സി.സി.അജിമോൻ പറഞ്ഞു. 2016 ലാണ് മെത്രാൻകായൽ പാടശേഖരത്ത് സർക്കാർ ഇടപെടലിൽ നെൽ കൃഷി ആരംഭിക്കുന്നത്. ആദ്യവർഷം സൗജന്യ കൃഷി. 2017 മുതൽ മൂന്ന് വർഷം എട്ട് കർഷകരാണ് പാട്ടക്കൃഷി ചെയ്തിരുന്നത്.

ചില വ്യക്തികളിൽ പാടശേഖരത്തിന്റെ നടത്തിപ്പ് വന്നതിലെ അപാകതൾ പരിഹരിക്കാനാണ് കരാർ ഒരു വ്യക്തിയിൽ നിലനിറുത്തിയത്. തദ്ദേശീയരീയ കൃഷിക്കാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പാട്ടക്കരാർ

ജീവൻ നായർ,വിശ്വതേജ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കേരള മേധാവി

പാട്ടക്കരാറുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ വസ്തുതാത വിരുദ്ധമാണ്. അനാവശ്യവിവാദങ്ങൾ ഉന്നയിച്ച് കുമരകത്തിന്റെ നെല്ലറ വീണ്ടും തരിശാക്കുന്ന സമീപനം അവസാനിപ്പിക്കണം

എ.പി.സലിമോൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കൃഷിയ്ക്കുള്ള ഒരുക്കങ്ങളായി

വെള്ളം വറ്റിക്കാനുള്ള മോട്ടോർത്തറ നിർമ്മാണത്തിനായി നാല് മീറ്റർ നീളത്തിലുള്ള 100 തെങ്ങിൻകുറ്റി എത്തിച്ചു. 60 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും , 50 എച്ച്.പിയുടെ ഒരു മോട്ടോറും കരാറാക്കി. രണ്ട് മോട്ടോർ തറകളുടെ നിർമ്മാണം പൂർത്തിയായി. ബണ്ടുകൾ ബലപ്പെടുത്തുന്ന ജോലികളും തുടങ്ങി. നാല് ദിവസം കൊണ്ട് വിത്ത് വിത പൂർത്തീകരിക്കും. ആവശ്യമായ നീറ്റുകക്ക, വൈദ്യുതി, നെൽവിത്ത് എന്നിവ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് കർഷകനായ എം.കെ രാജേഷ് പറഞ്ഞു.