ഈരാറ്റുപേട്ട: മീനച്ചിലാറിന് കുറുകെ നിർമ്മിച്ച പുത്തൻപള്ളി തടവനാൽ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ശബ്ദ സന്ദേശത്തിലൂടെ നിർവഹിച്ചു. പാലത്തിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പി.സി.ജോർജ് എം.എൽ.എ നാട മുറിച്ച് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു.അതേസമയം യു.ഡി.എഫ് നേതാക്കൾ യോഗം ബഹിഷ്കരിച്ചു. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ചടങ്ങിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധയേമായി. അതേസമയം ജനപക്ഷം നേതാവും മീനച്ചിൽ അർബൻ ബാങ്ക് ചെയർമാനുമായ കെ.എഫ്.കുര്യൻ വേദിയിലെത്തിയത് ബഹളത്തിനിടയാക്കി. കെ.എഫ് കുര്യനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. നോട്ടീസിൽ പേരുള്ളവർ വേദി പങ്കിട്ടാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു സി.പി.എം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ.എം.ബഷീറിന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവർത്തകർ ബഹളംവെച്ചത്.കെ.എഫ് കുര്യൻ വേദിവിട്ടതോടെ രംഗം ശാന്തമാവുകയായിരുന്നു.
പങ്കെടുത്തത് 200ലധികം ആളുകൾ
കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് 200 ലധികം ആളുകളാണ് ചടങ്ങിനെത്തിയത്. പൊലീസ് നോക്കി നിൽക്കെയാണ് ആളുകൾ കൂട്ടുകൂടിയത്.