പുതിയ കേസ്ഓട്ടോ ഡ്രൈവറെ ബ്ളാക്ക്മെയിൽ ചെയ്ത് പണംതട്ടിയത്
അടിമാലി: ഹണി ട്രാപ്പ് കേസിന് സമാനമായൊരു കേസുകൂടി വന്നതോടെ ജാമ്യത്തിലായിരുന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. അടിമാലി ബാറിലെ അഭിഭാഷകൻ ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യു (55) ആണ് അറസ്റ്റിലായത്.കേസിൽ റിമാന്റിൽ കഴിയുന്ന കല്ലാർകൂട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി(32), ഇരുമ്പുപാലം പടക്കപ്പ് ചേറ്റുകുഴിയിൽ സി.ആർ. ഷൈജൻ (43), പടിക്കപ്പ് തട്ടായത്ത് ടി.എ ഷമീർ (38) എന്നിവരിൽ ഷമീർ ഒഴികയുള്ള മൂവർ സംഘത്തിന്റെ പേരിൽ ആണ് സമാന സ്വഭാവമുള്ള കേസ് ഇന്നലെ രജിസ്റ്റർ ചെയ്തത്. ഇതോടെ മൂന്നാമത്തെ കേസാണ് രജിസ്റ്റർ ചെയ്തത്.
പൊലീസ് പറയുന്നത്. റിമാൻഡിൽ കഴിയുന്ന ലതാദേവി കഴിഞ്ഞ 15 ന് അടിമാലിയിൽ നിന്ന് കൂമ്പൻപാറയിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. അളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു.തുടർന്ന് യുവതി ഡ്രൈവറുമായി അടുത്ത് ഇടപെഴുകയായിരുന്നു. അന്ന് തന്നെ വൈകിട്ട് കുട്ടമ്പുഴയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി ഷൈജൻ ഓട്ടോ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു. യുവതിയെ പീഡിപ്പിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും കേസ് ഒഴിവാക്കുന്നതിന് 40,000 രൂപ യുവതിക്ക് നൽകണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് പണം യുവതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 26 ന് വീണ്ടും ഷൈജൻ പണം ആവശ്യപ്പെട്ടു.ബെന്നി മാത്യുവിന്റെ ഓഫീസിൽ പണം എത്തിക്കാനാണ് അവശ്യപ്പെട്ടത്. ഇതനുസരിച്ച് 35,000 രൂപ അഭിഭാഷകന്റെ ഓഫിസിൽ എത്തിച്ചു നൽകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറുടെ പരാതിയിൽ ഇന്നലെ രാവിലെ അഭിഭാഷകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത് ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. അടുത്ത 2 ദിവസത്തെയ്ക്ക് അഭിഭാഷകനെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.ഇവരുടെ പേരിൽ കൂടുതൽ പരാതികൾ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അടിമാലി സി.ഐ അനിൽ ജോർജ്, എസ്.ഐ സി.ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നു വരുന്നു.