തലയോലപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് രണ്ട് വീടുകൾക്ക് നാശനഷ്ടം. മറവൻതുരുത്ത് പഞ്ചായത്തിലെ പാലാംകടവ് തുരുത്തുമ്മ ചെറുവള്ളിൽ ലത്തീഫ്, മലയിൽ കബീർ എന്നിവരുടെ വീടിനാണ് നാശം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലോടെ ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് മരങ്ങൾ വീണത്.കബീറിന്റെ വീടിന് പുറത്തെ ശൗചാലയവും തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടി മറിയതിനാൽ പരക്കേൽക്കാതെ രക്ഷപ്പെട്ടു.വെട്ടിക്കാട്ടുമുക്ക്, പുലിമുഖം, വടകര, പാലാംകടവ്, പ്രസാദഗിരി, കരിപ്പാടം എന്നിവിടങ്ങളിൽ വൈദ്യുത കമ്പിയുടെ മുകളിൽ മരം വീണതിനെ തുടർന്ന് പോസ്റ്റുകൾ തകർന്നു. വൈദ്യുതിബന്ധം തടസപ്പെട്ടു. വടയാർ ചക്കാലയിൽ റോഡിന് കുറുകെ മരം കടപുഴകി വീണ് വാഹനഗതാഗതം താറുമാറായി. വൈക്കത്ത് നിന്നും ഫയർ യൂണിറ്റ് എത്തി മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ കാറ്റിൽ പ്രദേശത്തെ കപ്പ, വാഴ തുടങ്ങി നിരവധി കാർഷിക വിളകൾക്കും നാശനഷ്ടം ഉണ്ടായി.