കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. എം.സി റോഡ് ഉപരോധിക്കാൻ ശ്രമിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
ഇന്നലെ രാവിലെ 11 മണിയോടെ ഗാന്ധി സ്‌ക്വയറിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് ആരംഭിച്ചത്. കളക്‌ടറേറ്റിനു സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. പതിനഞ്ചു മിനിറ്റോളം ബാരിക്കേഡ് മറിയ്‌ക്കാൻ ശ്രമിച്ച പ്രവർത്തകരെ മുതിർന്ന നേതാക്കൾ പിന്തിരിപ്പിച്ചു. തുടർന്ന് നടന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ജോബിൻ ജേക്കബ്, ടോം കോര അഞ്ചേരിൽ, സിജോ ജോസഫ്, റോബി തോമസ്, തോമസ് കുട്ടിമുക്കാല, നൈഫൈസി, വിൻസന്റ് ചെറുമല, ലിപു ഷൗക്കത്ത്, രാഹുൽ മറിയപ്പള്ളി, അരുൺ മർക്കോസ് എന്നിവർ പ്രസംഗിച്ചു.
ധർണയ്‌ക്കു ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കാൻ ശ്രമിച്ചപ്പോൾ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഒരു വിഭാഗം പ്രവർത്തകർ കളക്‌ടറേറ്റിലേയ്‌ക്ക് ഓടിക്കയറാനും ശ്രമിച്ചു. പൊലീസ് ലാത്തിച്ചാർജ് ചെയ്യുമെന്നറിയിച്ചതോടെ പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിലേയ്ക്കു പ്രകടനമായി നീങ്ങി. റോഡരികിൽ കണ്ട ബാരിക്കേഡുകൾ ഇവർ ചവിട്ടിമറിച്ചിട്ടു. ഇതോടെ പൊലീസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറിമാരായ ടോം കോര അഞ്ചേരി, സിജോ ജോസഫ് തുടങ്ങിയവരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്തിയാണ് ഇവരെ ജാമ്യത്തിൽ പുറത്തിറക്കിയത്.