കോട്ടയം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടേതെന്ന പേരിൽ ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്ന കെ.എസ്.യു നേതാവിന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി. കോട്ടയത്തെ കെ.എസ്.യു നേതാവ് സച്ചിൻ മാത്യുവാണ് ഫേസ് ബുക്കിലെ സൈബർ ആക്രമണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കഴിഞ്ഞ ആറിനായിരുന്നു സച്ചിന്റെ വിവാഹം. തലേന്ന് ഉമ്മൻചാണ്ടി സച്ചിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് ഉമ്മൻചാണ്ടിക്കൊപ്പം നിന്നെടുത്ത ചിത്രങ്ങൾ സച്ചിൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഈ ചിത്രങ്ങളാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്ന ചിത്രമെന്ന പേരിൽ പ്രചരിക്കുന്നത്. സരിത്തിന്റെ മുഖച്ഛായയാണ് സച്ചിന് വിനയായത്. ചില സി.പി.എം സൈബർ സഖാക്കളും പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജുമാണ് വ്യാജ പ്രചാരണത്തിനു പിന്നിലെന്ന് സച്ചിൻ ആരോപിച്ചു. സംഭവത്തിൽ സച്ചിനു നിയമ സഹായം നൽകുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു.