കോട്ടയം: വ്യാജ ലോട്ടറി അച്ചടിയും അവയ്ക്ക് സമ്മാനം ലഭിച്ചതായി വ്യാജറിസൽട്ട് പ്രസിദ്ധീകരിക്കുന്ന സൈറ്റുകളും വ്യാപകമാകുന്നു. ഒരിടവേളയ്‌ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ലോട്ടറി ടിക്കറ്റ് അച്ചടിയും നറുക്കെടുപ്പും ആരംഭിച്ചതോടെയാണ് ഇൻ്റർ നെറ്റിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് വ്യാജ ലോട്ടറി മാഫിയ സജീവമായത്. കോട്ടയം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വ്യാജ ലോട്ടറി അച്ചടി നടക്കുന്നുണ്ടെന്നും ലോട്ടറി വകുപ്പ് കണ്ടെത്തി. ഇത്തരത്തിൽ അച്ചടിച്ചു വിൽക്കുന്ന വ്യാജ ലോട്ടറിയ്‌ക്ക് സമ്മാനം അടിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനായാണ് വ്യാജ സൈറ്റുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഈ സൈറ്റുകളിൽ ഫലം പരിശോധിക്കുന്നതിനായി ആളുകൾ കയറുമ്പോൾ വ്യാജ ലോട്ടറികൾക്കെല്ലാം സമ്മാനം അടിച്ചതായാണ് കാണുക. എന്നാൽ ഈ ടിക്കറ്റുമായി ഏജൻസിയെ സമീപിക്കുമ്പോഴാണ് തട്ടിപ്പിനിരയായതായി വ്യക്തമാകുന്നത്.
ഇത്തരം തട്ടിപ്പിന് പലപ്പോഴും ഇരയാകുന്നത് സാധാരണക്കാരാണ്. ലോട്ടറി വ്യാജമാണെന്നറിയാതെയാണ് ഇവർ ലോട്ടറി എടുക്കുന്നത്. വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് അച്ചടി . ഈ സാഹചര്യത്തിൽ ലോട്ടറി മാഫിയക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം .
15 ലധികം സൈറ്റുകൾ
സംസ്ഥാനത്ത് 15 ലധികം സൈറ്റുകളുണ്ട് വ്യാജ ലോട്ടറി മാഫിയയ്ക്ക്. ലോട്ടറി ടിക്കറ്റിന്റെ മറവിലുള്ള ചൂതാട്ടം കോടികൾ മറിയുന്ന ബിസിനസാണ്. സംസ്ഥാനത്തിനു പുറത്തും ഈ ലോട്ടറി നമ്പറുകൾ ഉപയോഗിച്ചുള്ള ചൂതാട്ടം നടക്കുന്നുണ്ട്. പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. അയ്യായിരം രൂപയ്‌ക്ക് താഴെയുള്ള സമ്മാനങ്ങൾ അടിക്കുന്ന നമ്പരുകളുടെ പേരിലാണ് വാതുവയ്‌പ്പ് പ്രധാനമായും നടക്കുന്നത്. ഇത് ഏകോപിപ്പിക്കുന്നത് വെബ് സൈറ്റുകൾ വഴിയാണ്.