പാലാ : മാണി സി കാപ്പൻ എം.എൽ.എയുടെ കരുതലിൽ 23 കുടുംബങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമായി. തലനാട് പഞ്ചായത്തിലെ ആറാം വാർഡിലെ മേലടുക്കം പേര്യംമല ഭാഗത്തെ കുടുംബങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പരിഹരിച്ചത്. ഇതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനമുൾപ്പെടെ സുഗമമായി. മന്ത്രി എം.എം.മണിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് ത്രീഫേസ് ലൈൻ, പുതിയ 19 പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
നേരത്തെ 49 പോസ്റ്റുകൾ ചുറ്റിയാണ് ഈ മേഖലയിൽ വൈദ്യുതി എത്തിച്ചിരുന്നത്. ഇതുമൂലം വൈദ്യുതിതടസം പതിവായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ബാബു, ആഷാ റിജു, താഹ തലനാട്, പഞ്ചായത്ത് മെമ്പർമാരായ രാമകൃഷ്ണൻ, വിനോജ് തുടങ്ങിയവർ പങ്കെടുത്തു.