പാലാ : നിർമ്മാതാവ് സ്വന്തം കഥയെഴുതി, പ്രധാന വേഷം ചെയ്തു. ഹ്രസ്വചിത്രങ്ങളിൽ 'കടക്കാരൻ' സൂപ്പർ ഹിറ്റ് ! ഡയാനാ ക്രിയേഷൻസിന്റെ ബാനറിൽ പൊതുപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ സാംജി പഴേപറമ്പിൽ കഥയെഴുതി നിർമ്മിച്ച 'കടക്കാരൻ '' ഷോർട്ട് ഫിലിം ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടത്. സമൂഹമാദ്ധ്യമങ്ങളിൽ ഇന്നലെയായിരുന്നു കടക്കാരന്റെ റിലീസിംഗ്. ലോക് ഡൗണിൽ പണിയില്ലാതെ വിഷമിക്കുകയാണ് ഫോട്ടോഗ്രാഫറായ മാമച്ചൻ. ലക്ഷങ്ങളുടെ ലോൺ എടുത്താണ് പുതിയ സ്റ്റുഡിയോ ഇയാൾ തുടങ്ങിയത്. മാർച്ച് വരെ കൃത്യമായ പലിശയും മുതലും ബാങ്കിൽ അടച്ച് പോന്നു. എന്നാൽ നാടെങ്ങും കൊവിഡ് തകർത്താടിയതോടെ പണികളൊന്നും ഇല്ലാതായി. ഭാര്യയും 4 പെൺകുട്ടികളും ഉൾപ്പെടുന്ന കുടുംബം പോറ്റാൻ മാമച്ചൻ ബ്ലേഡുകാരിൽ നിന്ന് പണമെടുത്തു.
വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ ബാങ്കുകാർ മാമച്ചനെ തേടി വീട്ടിൽ വന്നു തുടങ്ങി. ലോക്ക് ഡൗൺ നീട്ടിയതോടെ ബ്ലേഡുകാർക്കുള്ള അടവും മുടങ്ങി. വീട്ടിലെത്തി ഭീഷണി മുഴക്കിത്തുടങ്ങി. കടുത്ത നിരാശയിലായ മാമച്ചൻ ജീവിതം അവസാനിപ്പിക്കാനൊരുങ്ങവേയാണിത്. ഇവിടെയാണ് കടക്കാരന്റെ ക്ലൈമാക്‌സ്. വിനയകുമാർ പാലായാണ് സംവിധായകൻ. മാമച്ചനായി സാംജി തന്നെ വേഷമിടുന്നു. ഭാര്യ റാണി സിനിമയിലേയും നായിക. സാംജിയുടെ 4 പെൺമക്കളിൽ മൂത്തയാളായ അക്‌സയും ഇളയവൾ ഇസയും ചിത്രത്തിലുണ്ട്. ബ്ലേഡുകാരനായ വില്ലൻ ആന്റപ്പനായി മന്ത്രി എ.കെ.ശശീന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട നാടക നടൻ സതീഷ് കല്ലക്കുളമാണ് അഭിനയിച്ചത്. സംവിധായകൻ വിനയകുമാറും, രഞ്ജിത്ത്. കെ. നായർ, സോയി പുലിയുറുമ്പിൽ, വൈശാഖ് പാലാ, മനോജ് എൽ.ഐ.സി., ടോബി തൈപ്പറമ്പിൽ, ബിനു ചെത്തിമറ്റം എന്നിവരുമാണ് മറ്റ് അഭിനേതാക്കൾ. പൊൻകുന്നം ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന അച്ചു മാത്യു കാമറയും, അപ്പു മാത്യു എഡിറ്റിംഗും നിർവഹിച്ചു. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണീ സംഘം. പുതിയ ചിത്രത്തിന് കഥയെഴുതുന്നത് ജോസ്. കെ. മാണി എം.പി.യുടെ ഭാര്യ നിഷാ ജോസ്. കെ. മാണിയാണ്. 15 ന് ഷൂട്ടിംഗ് ആരംഭിക്കും.
'ഇത് എന്റെ സ്വന്തം ജീവിത കഥയാണ്. നിനച്ചിരിക്കാതെ എത്തിയ കൊവിഡ് എന്നെ ലക്ഷങ്ങളടെ കടക്കാരനാക്കി. എന്റേതിന് സമാനമായി കുടുംബവും ജീവിതവും കടത്തിൽ മുങ്ങിയ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്കായി സമർപ്പിക്കുകയാണീ ഷോർട്ട് ഫിലിം.
സാംജി പഴേപറമ്പിൽ