അടിമാലി: അടിമാലി ഹണി ട്രാപ്പ് കേസ്സിൽ അഭിഭാഷകൻ ബെന്നി മാത്യുവിനെ പൊലീസ് ഇന്നലെ അടിമാലി കോടതിയിൽ ഹാജരാക്കി. അടിമാലിയിലെ ചെരുപ്പ് വ്യാപാരി ,ഇരുമ്പുപാലം സ്വദേശി, അടിമാലിയിലെ ഓട്ടോറിക്ഷാ ഡ്രൈവർ എന്നിവരെ വിവിധ സമയങ്ങളിൽ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അഭിഭാഷകൻ ഉൾപ്പെടെയുള്ളവരെ റിമാന്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അടിമാലി പൊലീസിന് രണ്ട് ദിവസത്തേയ്ക്ക് വിട്ടുകൊടുത്തിരുന്നു. പൊലീസിന്റെ തെളിവെടുപ്പിൽ അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷിണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അന്വേഷണ നടപടികൾ നടത്തുന്നുണ്ടന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനുശേഷം ഇന്നലെ 4 മണിയോടെ അഭിഭാഷകനെ അടിമാലി കോടതിയിൽ ഹാജരാക്കി .മൂന്നാം പ്രതിയായ ഷൈജനെ കൂടുതൽ അന്വേഷത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ.അനിൽ ജോർജ് അറിയിച്ചു.ഒന്നാം പ്രതി ലതാ ദേവിയുടെ ഒരു മെബൈൽ ഫോൺ ഉപയോഗിച്ചിരുന്നത് മൂന്നാം പ്രതി ഷൈജൻ ആയിരുന്നു. ഇയാൾ ഫോണിൽ വിളിച്ച് ആൾമാറാട്ടം നടത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയിരുന്നത്. കൂടുതൽ തട്ടിപ്പുകൾ ഇതേ തരത്തിൽ നടത്തിയതായി പൊലീസ് പറയുന്നു. എന്നാൽ പലരും മാനഹാനി ഭയന്ന്പരാതി നല്കുവാൻ തയ്യാറാകുന്നില്ല. ഇതിനിടയിൽ ചെരുപ്പ് വ്യാപാരിയെ ഭീഷിണിപ്പെടുത്തി അഭിഭാഷകനുമായി ബന്ധപ്പെട്ട ആളുകൾ കേസ് ഒത്തുതീർപ്പിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.