കോട്ടയം: നഗരസഭാ കൗൺസിലറെന്ന നിലയിൽ എം.പി. സന്തോഷ് കുമാറിന്റെ സേവനം രണ്ട് പതിറ്റാണ്ടിലേക്ക് കടക്കുമ്പോൾ ഭാര്യ ബിന്ദു സന്തോഷ് കുമാറിന് പറയാനുള്ളത് ഒന്നര പതിറ്റാണ്ടിന്റെ ജനസേവനമാണ് . കോട്ടയം നഗരസഭയിലെ ചെയർമാനും വൈസ് ചെയർമാനുമായുള്ള ദമ്പതിമാരെന്ന റെക്കാഡ് കേരളത്തിൽ മറ്റാർക്കും ഉണ്ടെന്നു തോന്നുന്നില്ല .
കോൺഗ്രസ് കൗൺസിലർമാരായി മത്സരിച്ച് തോൽവിയറിയാതെ ഇരുവരും വലിയ ഭൂരിപക്ഷത്തോടെ ഇത്രയും കാലം ജയിച്ചു കയറിയത് സി.പി.എമ്മിന് ഏറെ വേരോട്ടമുള്ള കോട്ടയം പടിഞ്ഞാറൻ മേഖലയിൽ നിന്നാണ്. അടുത്തടുത്ത വാർഡുകളിൽ നിന്ന് ഇരുവരും തുടർച്ചയായി കൗൺസിലർമാരാകുന്നതിന്റെ വിജയരഹസ്യമെന്തെന്നു ചോദിച്ചാൽ 'ജാതിമത രാഷ്ട്രീയത്തിനതീതമായ കുടുംബബന്ധം. എല്ലാ വോട്ടർമാരുടെയും കുടുംബ സുഹൃത്തായി മാറാൻ കഴിയുന്നു'വെന്നതാണ് മറുപടിയായി ഇരുവർക്കും പറയാനുള്ളത്.
'അടിസ്ഥാന സൗകര്യ വികസനത്തിന് മുൻ കൈ എടുത്തു. സ്വന്തമായി സ്ഥലമുള്ള എല്ലാവർക്കും വീട് വെച്ചു. പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. റോഡുകൾ സഞ്ചാര യോഗ്യമാക്കി. ശുദ്ധ ജല പ്രശ്ന പരിഹാരത്തിന് പുത്തനങ്ങാടിയിൽ ടാങ്കിന് സ്ഥലമെടുത്തു. പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു . ഒരു കോടിയുടെ പദ്ധതിയാണിത്. ജനകീയ പ്രശ്നങ്ങൾ മുൻ കൂട്ടി കണ്ട് മിക്കതും പരിഹരിച്ചു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് വോട്ടർമാരോോട് ചോദിക്കേണ്ട അവസ്ഥയാണുള്ളത് .
2000ൽ രണ്ടര വർഷക്കാലം സന്തോഷ് കുമാർ വൈസ് ചെയർമാനായിരുന്നു. 2012ൽ രണ്ടു വർഷം ചെയർമാനുമായി. അക്കാലത്ത് നിരവധി വികസന പദ്ധതികൾക്കാണ് തുടക്കമിട്ടത്. നാട്ടകം പാറച്ചാൽ ബൈപാസിന് സ്ഥലമെടുത്തു . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ഫണ്ട് അനുവദിച്ചാണ് ബൈപാസ് പൂർത്തിയായത്. തിരുവാതുക്കൽ ബസ് ബേ നവീകരണം, തിരുവാതുക്കൽ അബ്ദുൾ കലാം ഓഡിറ്റോറിയം, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം കല്ലു പുരയ്ക്കൽ , തിരുവാതുക്കൽ സോണൽ ഓഫീസ്, മത്സ്യ ഫെഡ് ഓഫീസ്, നാട്ടകം കമ്മ്യൂണിറ്റി ഹാൾ, തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാനായിരുന്ന കാലത്ത് നടപ്പാക്കാനായെന്ന് സന്തോഷ് കുമാർ പറഞ്ഞു.
ബിന്ദു സന്തോഷ് കുമാർ 2009 അവസാനം ചെയർപേഴ്സൺ ആയി. 20017ൽ രണ്ട് വർഷം ചെയർ പേഴ്സണുമായി. നിരവധി വികസന പദ്ധതികൾ അക്കാലത്ത് നടപ്പാക്കാനായി. വട്ടിപ്പലിശക്കാരെ ഓടിച്ച് കുടുംബ ശ്രീ സംവിധാനം വഴി പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി കുടുംബ ശ്രീ യൂണിറ്റുകൾക്ക് പത്ത് ലക്ഷം രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കി .
അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോട്ടയവും നീങ്ങുമ്പോൾ വികസന നായികാ നായകന്മാരെന്ന നിലയിൽ ജനകീയ പരിവേഷവുമായാണ് ഇരുവരും വോട്ടർമാർക്കു മുന്നിൽ തൊഴുകൈയ്യോടെ നിറചിരിയുമായ് നിൽക്കുന്നത്. ..