കോട്ടയം: കൊവിഡും ലോക്ഡൗണും കാരണം നിലം പൊത്തിയ റബർ വിപണിക്ക് കൊവിഡ് തന്നെ തുണയാകുന്നു. കൊവിഡ് ചികിത്സക്ക് ആവശ്യമായ കൈയ്യുറയും മറ്റ് സുരക്ഷാ ഉപകരണങ്ങളും നിർമിക്കുന്ന മലേഷ്യയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് റബർ കിട്ടാതെ വന്നതോടെ ഇന്ത്യൻ റബറിനോട് താത്പര്യം കാണിച്ചതാണ് വില ഉയരാൻ വഴി തെളിഞ്ഞത്. ഈ സ്ഥിതി തുടന്നാൽ വിപണി ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും .
കൊവിഡിൽ തകർന്ന ചൈനയിലെ റബർ വിപണി ഇനിയും ഉണരാത്തതും തായ്ലൻഡിൽ ഉത്പാദനം കുറഞ്ഞതും വിയറ്റ്നാമിൽ നിന്നള്ള ലഭ്യതക്കുറവുമാണ് ഇന്ത്യൻ റബർ വാങ്ങാൻ മലേഷ്യയെ നിർബന്ധിതരാക്കിയത്.
മൂന്നു ദിവസത്തിനുള്ളിൽ കിലോക്ക് നാല് രൂപയുടെ വർദ്ധനവ് വരെ ഉണ്ടായി. കിലോക്ക് 118 രൂപ വരെ താഴ്ന്ന ആർ.എസ്.എസ് 4ന് 122 രൂപയായി. കൊവിഡ് നിയന്ത്രണം റബർ ഇറക്കുമതിയെയും ബാധിച്ചു. പ്രധാന തുറമുഖങ്ങളിൽ റബർ കെട്ടികിടക്കുകയാണ്. 30,000 - 40,000 ടൺ ഇറക്കുമതിയുടെ സ്ഥാനത്ത് 15000 ടൺ മാത്രമാണ് കഴിഞ്ഞ മാസം എത്തിയത്.
ലോക്ക് ഡൗൺകാലയളവിൽ വില 100 രൂപയിലേക്ക് താഴ്ന്നിരുന്നു. ഇളവിനെ തുടർന്ന് 125 വരെയെത്തി. ടയർ വിൽപ്പന കുറഞ്ഞതും വില ഇടിച്ചു.ഒട്ടുപാലിന്റെ വിലയും അഞ്ച് രൂപകുറഞ്ഞു 70 രൂപയിലെത്തി. ലാറ്റക്സ് 118 രൂപ വരെയെത്തിയ ശേഷം 104ലേക്ക് കൂപ്പ് കുത്തി. ലോക്ക് ഡൗണിൽ ഉത്തരേന്ത്യയിലും കേരളത്തിലുമുള്ള ഫാക്ടറികൾ പ്രവർത്തിപ്പിക്കാത്തതാണ് വില ഇടിവിന് കാരണം. വിലക്കുറവ് കാരണം റെയിൻ ഗാർഡ് ചെയ്യാൻ കർഷകർ താത്പര്യം കാണിക്കുന്നില്ല. പാൽ ഉത്പാദനം ഇതോടെ പകുതിയായ് കുറഞ്ഞു. വിൽപ്പന കുറഞ്ഞതോടെ ചെറുകിട കച്ചവടക്കാർ ഷീറ്റും ഒട്ടുപാലും എടുക്കുന്നില്ല. സഹകരണ സംഘങ്ങൾ ശേഖരിച്ച ഷീറ്റും ഒട്ടുപാലും കെട്ടി കിടക്കുകയാണ്. ഇത് സംഘങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു.
റബർ വിലസ്ഥിരതാ ഫണ്ട് ജനുവരി വരെയേ വിതരണം ചെയ്തിട്ടുള്ളു. ജൂൺ വരെയുള്ള ഡേറ്റാ തയ്യാറാണ് . ഫണ്ട് ലഭിക്കുന്ന മുറക്ക് വിതരണം ഉണ്ടാകുമെന്ന് റബർ ബോർഡ് വ്യക്തമാക്കി.