ബാങ്ക് സന്ദേശത്തിന്റെ പേരിലും തട്ടിപ്പ്
കോട്ടയം: സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പോക്കറ്റടിയ്‌ക്കാൻ പുതുവഴികളുമായി ഇൻ്റർനെറ്റ് കള്ളന്മാർ....! 'ജോയിൻ' 'ഷെയർ' ബട്ടണുകളിൽ ക്ലിക്ക് ചെയ്‌താൽ അക്കൗണ്ടിൽ നിന്ന് പണം ചോരുന്ന വിദ്യയാണ് പുതിയ പരീക്ഷണം . ബാങ്കിന്റെ പേരിലെത്തുന്ന എസ്.എം.എസ് വഴിയും ഫേസ്‌ബുക്കിൽ ഫ്ലിപ്പ്‌കാർട്ടിന്റെ ലിങ്കയച്ചുമാണ് തട്ടിപ്പ് . ജില്ലയിൽ മണർകാട് സ്വദേശി അടക്കം പതിനഞ്ച് ആളുകൾ ഈ വർഷം തട്ടിപ്പിന് ഇരയായി. ചെറിയ തുക പോയ പലരും പരാതിപ്പെട്ടിട്ടില്ല.
ലിങ്കിൽ ക്ളിക്ക് ചെയ്താൽ...
അക്കൗണ്ടിൽ നിന്നു പണം മുഴുവൻ പിൻവലിക്കപ്പെട്ടെന്നും അടിയന്തരമായി ബാങ്കിനെ ബന്ധപ്പെടാനും ആവശ്യപ്പെട്ട് നിങ്ങളുടെ മൊബൈൽ നമ്പരിൽ സന്ദേശം എത്തും. ഇതോടൊപ്പം ഒരു ലിങ്കും ഫോൺ നമ്പരും ഉണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ എത്തുന്നത് ബാങ്കിന്റെ അക്കൗണ്ടിനു സമാനമായ വെബ് സൈറ്റിലേയ്‌ക്കാവും. ഇതുവഴി ഉപഭോക്‌താവിന്റെ വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ടും ചോർത്തും.
പത്തു രൂപയ്‌ക്ക് മിക്‌സി
മാർക്കറ്റിൽ പതിനായിരങ്ങൾ വിലയുള്ള മിക്‌സിയ്‌ക്ക് പത്തു രൂപ മാത്രം വില....! പ്രമുഖ സോഷ്യൽ മീഡിയ ഷോപ്പിംഗ് സൈറ്റിൽ കണ്ട പരസ്യമാണിത്. ഇതു കണ്ട് ലിങ്ക് തുറന്ന മണർകാട് സ്വദേശിയ്‌ക്ക് പോയത് 2400 രൂപയാണ്. ഈ ലിങ്കിൽ സാധനങ്ങൾ വാങ്ങാൻ എ.ടി.എം കാർഡിന്റെ വിവരങ്ങൾ നൽകേണ്ടി വരും. ഇയാൾ അതെല്ലാം കൈമാറി പണി വാങ്ങി.
സ്വകാര്യത ചോരും
വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർക്ക് പണം മാത്രമല്ല ലക്ഷ്യം. ഇത്തരത്തിൽ വരുന്ന എസ്.എം.എസുകളോടൊപ്പവും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കൊപ്പവുമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപഭോക്താവിൻ്റെ വ്യക്തിപരമായ വിവരങ്ങളും ചോർത്തുന്നു.
ലക്ഷ്യങ്ങൾ
അക്കൗണ്ടിൽ നിന്നുള്ള പണം തട്ടിയെടുക്കുക
വ്യക്തിപരമായ രേഖകൾ ചോർത്തൽ
വെബ് സൈറ്റുകളുടെ റീച്ച് വർദ്ധിപ്പിക്കൽ
ഇടപാടുകൾക്ക് ഫോൺ നമ്പർ ഉപയോഗിക്കാൻ
കുടുങ്ങാതിരിക്കാൻ
ഓൺലൈൻ പർച്ചേസുകൾ ആപ്ലിക്കേഷനുകൾ വഴി മാത്രം ചെയ്യുക
ബാങ്കിംഗ് സന്ദേശങ്ങൾ വന്നാൽ ബാങ്കുമായി നേരിട്ടു ബന്ധപ്പെടുക.