കോട്ടയം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കണമെന്ന നിയമം കാറ്റിൽ പറത്തി പ്രതിഷേധ സമരപരമ്പര. വിഷയ ദാരിദ്ര്യത്തിലായിരുന്ന രാഷ്ട്രീയ കക്ഷികൾക്ക് ഊർജ്ജം പകരാൻ വീണുകിട്ടിയ വിഷയമായി സ്വർണക്കടത്ത് വിവാദം. ഈ വിവാദം ഉയർത്തിയുള്ള സമരത്തിന്റെ ആവേശത്തിരയിളക്കത്തിലാണ് ജില്ലയിപ്പോൾ.
ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി പത്തുപേരിൽ കൂടുതൽ കൂട്ടം ചേരരുത്. എന്നാൽ നൂറിലേറെ പേർവരെ സമരത്തിനെത്തുന്നു . കാമറ കാണുന്നതോടെ മാസ്ക്ക് കഴുത്തിലോയ്ക്ക് താഴ്ത്തുന്നു . ഒന്നര മീറ്റർ അകലം മറന്ന് തിക്കും തിരക്കുമുണ്ടാക്കുന്നു.
സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്കാർ നടത്തിയ എസ്.പി ഓഫീസ് മാർച്ചിലും യുവമോർച്ചയുടെ കോലം കത്തിക്കലിലും നൂറോളം പ്രവർത്തകരെത്തി. കളക്ട്രേറ്റിന് മുന്നിലെ കോൺഗ്രസ് ധർണയിലും ബി.ജെ.പി ധർണയിലും പങ്കെടുത്തതും നിരവധി ആളുകൾ .
ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ വൈദ്യുതി, പെട്രോൾ,ഡീസൽ നിരക്ക് വർദ്ധനവിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തിയ സമരങ്ങളിൽ അഞ്ചുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രകടനവും നടത്തിയിരുന്നില്ല . ബൈക്കും കാറും കാളവണ്ടിയും ഉന്തുവണ്ടിയും ശവപ്പെട്ടിയുമൊക്കെയായി കൂടുതലും കൗതുക സമരങ്ങളായിരുന്നു.
കൊവിഡ് രോഗികൾ കൂടി സാമൂഹ്യ വ്യാപന ഭീഷണി ഉയരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണം ലംഘിച്ച് ആളെ കൂട്ടി കരുത്ത് തെളിയിക്കാനുള്ള ശ്രമമാണ് വിവിധ പാർട്ടികൾ നടത്തുന്നത്. എം.പിമാരും എം.എൽ.എമാരുമടങ്ങുന്ന ജനപ്രതിനിധികൾ ഇത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നതാണ് സങ്കടകരം.
കാഴ്ചക്കാരായി പൊലീസ്
നിയന്ത്രണം ലംഘിച്ചുള്ള സമരങ്ങൾക്കെതിരെ കേസ് എടുക്കുന്നുണ്ടെങ്കിലും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. പകർച്ച വ്യാധി നിയന്ത്രണ നിയമത്തിൽ ജാമ്യമില്ലാ വകുപ്പുകളുണ്ടെങ്കിവും ആരെയും അറസ്റ്റു ചെയ്തു ലോക്കപ്പിലടയ്ക്കുന്നില്ല. കാഴ്ചക്കാരുടെ റോളിലാണ് പലപ്പോഴും പൊലീസ്.
മുഖം നോക്കാതെ നടപടിയെടുക്കണം
സമരങ്ങൾക്ക് പത്തുപേരെന്ന നിയന്ത്രണം വച്ചത് കൊവിഡ് കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ വേണ്ടിയാണ്. സമരങ്ങളിൽ സാനിറ്റൈസറും സോപ്പു ലായനിയും വേണം. മാസ്ക് കൊണ്ട് മൂക്കും വായും മൂടണം. അകലം പാലിച്ചേ ഒത്തു ചേരാവൂ. നേതാക്കളാണ് നിയന്ത്രണങ്ങൾ പാലിപ്പിക്കാൻ മുൻകൈ എടുക്കേണ്ടത്. ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടത് നിയമപാലകരുമാണ്.
ജേക്കബ് വർഗീസ്, ഡി.എം.ഒ കോട്ടയം