അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്കിൽ കോവിഡ് സഹായമായി വിതരണം ചെയ്ത 5 കോടി രൂപയെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ. നബാർഡ് അനുവദിച്ച 5 കോടിയിൽ 2.5 കോടി തിരിമറി നടത്തിയതായും, വായ്പ അനുവദിച്ചത് അർഹത ഇല്ലാത്തവർക്കാണ് എന്നാണ് ആരോപണം. ജില്ലയിൽ കോവിഡ് സഹായമായി വിവിധ മേഖലകളിൽ വായ്പ വിതരണം ചെയ്യുന്നതിനായി 5 കോടി രൂപ അനുവദിച്ചത് പൂർണ്ണമായും വിനിയോഗിച്ചത് അടിമാലി സർവ്വീസ് സഹകരണ ബാങ്കാണ്. ബാങ്കിന് എതിരെ നടക്കുന്ന ഈ ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രസിഡന്റ് ജോൺ.സി.ഐസക് പറഞ്ഞു. ഹെഡ് ഓഫീസ് ഉൾപ്പെടെ 4 ബ്രാഞ്ചുകൾ ഉണ്ട് ബാങ്ക് ലാഭത്തിൽ മാത്രമാണ് പ്രവർത്തിച്ചു വരുന്നത്.മെഡിക്കൽ സ്റ്റോർ, ലാബ് എന്നിവയും ലാഭത്തിൽ പ്രവർത്തിച്ചു വരുന്നതായും പ്രസിഡന്റ് പറഞ്ഞു.
വായ്പ വിതരണത്തിനായി കേരളാ ബാങ്കിന്റെ സർക്കുലർകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് വിതരണം നടത്തിയതെന്നും, വായ്പ വിതരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം അംഗങ്ങൾക്ക് നോട്ടീസ് അറിയിപ്പ് കൊടുത്തതായും, അപേക്ഷകർ വായ്പയ്ക്ക് ആവശ്യമായ രേഖകൾ നൽകി മാത്രമാണ് വായ്പ വിതരണം നടത്തിയിട്ടുള്ളത് എന്നും, നിലവിൽ ബാങ്കിന് കാർഷിക വായ്പ നൽകിയതിൽ 40 ശതമാനത്തിൽ ഏറെ കുടിശ്ശിയുള്ളതിനാൽ
ലോൺ തിരിച്ചടവു ശേഷി നോക്കിയുമാണ് വായ്പ വിതരണം നടത്തിയിട്ടുള്ളത് എന്ന് ബാങ്ക് സെക്രട്ടറി മോബി പ്രിസ്റ്റീജ് പറഞ്ഞു.
യു.ഡി.എഫ് മാത്രം ഭരിക്കുന്ന ഈ ബാങ്കിലെ കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരാണ് തിരിമറി കഥയ്ക്ക് പിന്നിൽ എന്നും ആക്ഷേപം ഉണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ജോൺ .സി.ഐസക്കിനെ മാറ്റുക എന്നതാണ് ലക്ഷ്യം. കൂടാതെ വെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്ക് യു.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിടാൻ കാരണം മുൻ സെക്രട്ടറി കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കാതെ ഇരുന്നതാണ് കാരണമെന്നും അതിനാൽ വെള്ളത്തൂവൽ മുൻ സെക്രട്ടറിയുടെ ഭാര്യ സെക്രട്ടറിയായിട്ടുള്ള അടിമാലി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും തിരിമറി ആരോപണം ഉന്നയിച്ച് സെക്രട്ടറിയെ പുറത്ത് ചാടിക്കാനും കോൺഗ്രസ്സിലെ ഒരു ഗ്രൂപ്പ് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.