വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ എം.അഞ്ജനയും മറ്റ് അധികൃതരും നഗരത്തിലെ പ്രധാന കേന്ദ്രമായ കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ നിരീക്ഷണം നടത്തി. തുടർന്ന് നഗരസഭ കാര്യാലയത്തിൽ അവലോകന യോഗം ചേർന്നു. കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യവുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർക്കും സഹായികൾക്കും വിശ്രമിക്കുന്നത് ക്വാറന്റൈൻ മുറികൾ സജ്ജമാക്കും. വാഹനങ്ങൾക്ക് പാർക്കിംഗ് ഏരിയയും നിശ്ചയിച്ചു. പുലർച്ചെ 3 മുതൽ 5 വരെ കടൽ മത്സ്യവും 5 മുതൽ 7.30 വരെ കായൽ ത്സ്യവും വിൽക്കുന്നതിനാണ് അനുവാദം. നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്‌സൺ എസ്.ഇന്ദിരാദേവി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബരീഷ് ജി വാസു, കൗൺസിലർ പി ശശിധരൻ, തഹസിൽദാർ കെ.കെ ബിനി, ഡപ്യൂട്ടി തഹസിൽദാർ ധർമജൻ, ഡോ. പി.വിനോദ്, പി.ആർ.ഒ മോഹനൻ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ മെറിറ്റ് മറ്റം കുര്യൻ, സൈക്കോളജിസ്റ്റ് അനീസ തുടങ്ങിയവർ പങ്കെടുത്തു.
ഡയറികൾ നൽകും
ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. കടകളിൽ വരുന്നവരുടെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനായി നഗരസഭ ഡയറികൾ വിതരണം ചെയ്യും.