ഞീഴൂർ : കാട്ടാമ്പാക്കിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റർ ഞീഴൂർ കേന്ദ്രമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഞീഴൂർ കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് കെ.കെ.സച്ചിദാനന്ദൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഉൾനാടൻ പ്രദേശമായ കാട്ടാമ്പാക്കിൽ പ്രവർത്തിക്കുന്നത്. ഞീഴൂർ, പാറശ്ശേരി, മരങ്ങോലി, ശാന്തിപുരം, വക്കാട്, ഭജനമഠം, വടക്കേ നിരപ്പ്, പ്രദേശങ്ങളിലുള്ള നൂറുകണക്കിന് രോഗികൾക്ക് ഇവിടെ എത്തിപ്പെടാൻ യാതൊരു സൗകര്യവുമില്ല. ഈ മേഖലകളിൽ താമസിക്കുന്നവർ കുറവിലങ്ങാട് ,കടുത്തുരുത്തി, ഇലഞ്ഞി എന്നീ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. വിശ്വഭാരതി എസ്.എൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും, എസ്.കെ.പി.എസ്, സെന്റ്. ജോസഫ്‌സ് സ്‌കൂൾ ,പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. നിരവധി 'അങ്കണവാടികളും പ്രവർത്തിക്കുന്നുണ്ട്. ഞീഴൂർ കേന്ദ്രമായി സബ് സെന്റർ അനുവദിച്ചാൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ക്ലബിന്റെ ഉത്തരവാദിത്വത്തിൽ വാടകയ്ക്ക് എടുത്തു കൊടുക്കുന്നതാണെന്ന് സച്ചിദാനൻ പറഞ്ഞു.