കോട്ടയം : പാടശേഖരങ്ങളിൽ അമ്ളാംശം നീക്കാൻ നീറ്റു കക്ക കിട്ടാതെ വലയുകയാണ് അപ്പർ കുട്ടനാടിലെ കർഷകർ.

പാടശേഖരങ്ങളിലെ പുളിപ്പ് നീക്കുന്ന നീറ്റുകക്ക ലഭിക്കാത്തതിനാൽ വിരുപ്പു കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോൾ കൃഷിവകുപ്പ് അനുവദിച്ചിരിക്കുന്ന നീറ്റു കക്ക ആവശ്യത്തിന്റെ പകുതിപോലും തികയില്ലെന്ന് കർഷകർ പറയുന്നു.

അപ്പർകുട്ടനാട്ടിലെ പ്രധാന പാടശേഖരങ്ങളെല്ലാം അമ്ളാംശം കൂടുതലായതിനാൽ നീറ്റുക്കയിട്ടാണ് പുളിപ്പ് കുറയ്ക്കുന്നത്. ഉഴുതു മറിച്ച പാടങ്ങളിൽ വിത്ത് വിതച്ചിട്ടും കക്കകിട്ടുന്നില്ല. ഇത് പാടങ്ങളിൽ പുളിപ്പിറങ്ങി നെൽച്ചെടികൾ നശിക്കുന്നതിന് ഇടയാക്കും. നെല്ലുൽപ്പാദനത്തെയും ഗുണമേന്മയെയും ബാധിക്കും. കൊവിഡ് കാലത്ത് കൃഷി നശിക്കുന്നതിനെപ്പറ്റി കർഷകർക്ക് ചിന്തിക്കാനാവില്ല.

പുളിപ്പ് നീക്കാൻ നീറ്റു കക്ക വിതറിയ ശേഷം നിലം ഉഴുമറിച്ചു വിത നടത്തുകയാണ് പതിവ്. ശക്തമായി മഴ ലഭിച്ചാൽ പുളിപ്പ് കുറയുമെന്നതിനാൽ മഴയ്ക്കായി പ്രാർത്ഥനയിലാണ് കർഷകർ. ഇനി നടപടിക്രമങ്ങൾ പൂർത്തിയായാലും നീറ്റുകക്ക ലഭിക്കാൻ ഒരു മാസമെടുക്കും. വേനൽമഴ ശക്തമായതിനെ തുടർന്ന് നാലുചാൽ ഉഴുതശേഷമാണ് ഇക്കുറി വിതച്ചത്. മരുന്നടിക്കും കളപറിക്കലിനുമൊക്കെയായി കർഷകർക്ക് വൻതുക ചെലവഴക്കേണ്ടി വന്നു

 അനുവദിച്ചത് 1000 ഹെക്ടറിൽ

ജില്ലയിൽ വിരിപ്പ് കൃഷി 4500 ഹെക്ടറിൽ നടക്കുമ്പോൾ 1000 ഹെക്ടറിനുള്ള കക്കമാത്രമേ കൃഷി വകുപ്പ് അനുവദിച്ചിട്ടുള്ളൂ. അപ്രതീക്ഷിതമായി കൃഷി ചെലവ് വർദ്ധിച്ചതിനാൽ കർഷകരിൽ ഭൂരിപക്ഷത്തിനും നീറ്റുകക്ക സ്വന്തംനിലയിൽ പണം കൊടുത്ത് വാങ്ങാനും കഴിയില്ല.

മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

'' കർഷകരുടെ ദുരിതം സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലയിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന കക്ക തീരെ അപര്യാപ്തമാണ്. നല്ല വിളവുണ്ടാകാൻ അടിയന്തിരമായി മുഴുവൻ കർഷകർക്കും കക്ക ലഭ്യമാക്കണം'' എം.കെ.ദിലീപ്, അപ്പർ കുട്ടനാട് വികസന സമിതി

പ്രശ്നം ഇങ്ങനെ

കക്ക വിതറിയില്ലെങ്കിൽ നെൽച്ചെടി നശിക്കും

 ചെടി വളർന്നാലും വിളവിനെ ബാധിക്കും

കടംവാങ്ങി കൃഷി ചെയ്യുന്നവരെ ദുരിതത്തിലാക്കും